കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ അഴിമതിയില്‍ പ്രതികള്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്ന് വിജിലന്‍സ്. മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലാണ് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുള്ളത്. ”സാമ്പത്തിക അഴിമതി ലക്ഷ്യമിട്ട് അരങ്ങേറിയത് എല്ലാ പ്രതികളും ഉള്‍പ്പെട്ട കുറ്റകരമായ ഗൂഢാലോചനയാണ്. സമൂഹത്തോടുള്ള ഉത്തരവാദിത്തം മറന്ന് ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത ആര്‍ബിഡിസികെയിലെയും കിറ്റ്കോയിലെയും ഉദ്യോഗസ്ഥര്‍ സ്വകാര്യ കരാറുകാരന് വന്‍ സാമ്പത്തികനേട്ടമുണ്ടാക്കി.വഴിവിട്ട നടപടികളിലൂടെ സര്‍ക്കാരിന് വന്‍ സാമ്പത്തികനഷ്ടവും”.എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ വിജിലന്‍സ് ഇന്ന് അപേക്ഷ നല്‍കും.
പാലം നിര്‍മ്മിച്ച ആര്‍ ഡി എസ് പ്രോജക്റ്റ്‌സ് ലിമിറ്റഡ് ഉടമ സുമിത് ഗോയലിനെ ഒന്നാം പ്രതിയും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എജിഎം എം ടി തങ്കച്ചന്‍, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍, മുന്‍ പൊതു മരാമത്തെ സെക്രട്ടറി ടി ഒ സൂരജ് എന്നിവരെ രണ്ടു മുതല്‍ നാലുവരെ പ്രതികളുമാക്കിയാണ് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സാമ്പത്തിക ലാഭത്തിനായി കരാറുകാരനും മൂന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തി ഗുണനിലവാരമില്ലത്ത പാലം പണിതെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് വിജിലന്‍സിന്റെ തീരുമാനം. പ്രതികളുടെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തിങ്കളാഴ്ച പരിഗണിക്കും
അതേസമയം പാലാരിവട്ടം പാലം നിര്‍മാണത്തിലെ ക്രമക്കേടില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത കുസാറ്റ് യൂണിവേഴ്‌സിറ്റി എന്‍ജിനിയര്‍ എം ടി തങ്കച്ചനെ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ എന്‍ മധുസൂദനന്‍ കരാര്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. .