കൊച്ചി:പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം പരിശോധന നടത്തി .ബലക്ഷയം കണെടത്തിയതിനെത്തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട മേല്‍പ്പാലത്തിന്റെ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്താനാണ് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ശ്രീധരന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.രാവിലെ എട്ട് മണിയോടെയാണ് പരിശോധന ആരംഭിച്ചത്.
കാണ്‍പൂര്‍ ഐഐടിയില്‍ നിന്നുള്ള ഡോ.മഹേഷ് ടണ്ടനും ചെന്നൈ ഐഐടിയിലെ വിദഗ്ദ്ധന്‍ അളകസുന്ദരവും പാലം പരിശോധനയ്‌ക്കെത്തിയ സംഘത്തിലുണ്ടായിരുന്നു. പാലം നിര്‍മ്മാണത്തിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടി ചെന്നൈ ഐഐടി നേരത്തെ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.പാലം പൂര്‍ണമായും പൊളിച്ചുമാറ്റണോ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കണോ എന്ന കാര്യത്തില്‍ വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും. പാലത്തിന്റ കൂടുതല്‍ സാംപിളുകള്‍ ശേഖരിച്ച് പരിശോധിച്ച ശേഷം വിശദമായ റിപ്പോര്‍ട്ടാകും സര്‍ക്കാരിന് നല്‍കുക.
അതേസമയം പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ട ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് നോട്ടീസ് അയച്ചു. നിര്‍മ്മാണ കമ്പനിയായ ആര്‍ഡിഎസ് കണ്‍സ്ട്രഷന്‍സിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളും വിജിലന്‍സ് പരിശോധിച്ചു വരികയാണ്.