ദില്ലി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘പിഎം നരേന്ദ്ര മോദി’ സിനിമ നാളെ റിലീസ് ചെയ്യാനാവില്ല. തെരഞ്ഞെടുപ്പു കഴിയുന്നതു വരെ ചിത്രം റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരവിട്ടു.തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സിനിമ റിലീസ് ചെയ്യരുതെന്നാണ് ഉത്തരവ്.ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം നാളെ റിലീസ് ചെയ്യാന്‍ അണിയറക്കാര്‍ ഒരുങ്ങിയിരിക്കുകയായിരുന്നു.
സിനിമ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും അതിനാല്‍ സിനിമയുടെ റിലീസ് തടയണമെന്നുമാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. കേസില്‍ ഇടപെടാനാകില്ലെന്നും സിനിമ പെരുമാറ്റ ചട്ടലംഘനമാണോ എന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരിഗണിക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിനിമയുടെ റിലീസ് തടഞ്ഞത്.
പ്രമുഖ ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണ് നരേന്ദ്ര മോദിയുടെ കഥാപാത്രമാവുന്നത്.മേരി കോം,സരബ്ജിത് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായായകനായ ഒമങ് കുമാര്‍ ഒരുക്കുന്ന ചിത്രം മൊത്തം 23 ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.