തിരുവനന്തപുരം: പിഎസ്‌സിയെ തകര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന പിഎസ്‌സി പോലുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 1,300,00 പിഎസ് സി നിയമനമാണ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്നതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെക്രട്ടേറിയറ്റിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് മൂന്ന് മാസക്കാലം തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ സംസ്ഥാനത്ത് പി എസ്‌സി നേരിട്ടാണ് പരീക്ഷ നടത്തുന്നത്. അതിനാല്‍ പി എസ്‌സിക്ക് വലിയ സ്വീകാര്യതയാണുള്ളത്. സംസ്ഥാനത്തെ ഏറ്റവും വിശ്വാസ്യതയുള്ള ഭരണഘടനാ സ്ഥാപനത്തെ തകര്‍ക്കുന്നത് ഗൗരവതരമായി കാണണം .യൂണിവേഴ്സിറ്റി കോളേജിലെ രണ്ട് വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് പി എസ്‌സി ക്കെതിരെ പ്രചരണം നടന്നു. എന്നാല്‍ വസ്തുത അതായിരുന്നില്ലെന്ന് പിന്നീട് വ്യക്തമായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഭരണഘടന സ്ഥാപനങ്ങളെ തകര്‍ക്കാന്‍ രാജ്യത്ത് നടക്കുന്ന ശ്രമത്തിന്റെ ഭാഗമായി,എല്ലാ പൊതുസംവിധാനങ്ങളെയും തകര്‍ക്കുക എന്നത് വിവിധ മേഖലയില്‍ നടന്നുവരുന്നുണ്ട്. ഇതിന്റെയെല്ലാം ഭാഗമായിട്ട് കൂടി പിഎസ്‌സിക്കെതിരായ നീക്കങ്ങളെ കാണണം.
അക്കാദമിക് മികവെടുത്താല്‍ കേരളത്തില്‍ യൂണിവേഴ്സിറ്റി കോളേജ് ഒന്നാമതാണ്. എന്നാല്‍ നിര്‍ഭാഗ്യകരമായ ചില പ്രശ്നങ്ങള്‍ ഉണ്ടായി. അക്രമ സംഭവത്തില്‍ ഉള്‍പ്പെട്ട ആരെയും സംരക്ഷിക്കില്ല. കര്‍ശനമായ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.