തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസ് പ്രതികളായ ശിവരഞ്ജിത്തും നസീമും ഉള്‍പ്പെട്ട പിഎസ് സി പരീക്ഷാത്തട്ടിപ്പില്‍ പരീക്ഷാച്ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ നടക്കുമ്പോള്‍ പരീക്ഷാഹാളിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ശിവരഞ്ജിത്തിനേയും നസീമിനേയും തിരിച്ചറിഞ്ഞു.എന്നാല്‍ പ്രതികള്‍ സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച കാര്യം അറിയില്ലെന്നും പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവദിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ അന്വേഷണസംഘത്തിനു മൊഴി നല്കി.
പരീക്ഷയുടെ ചുമതലയുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ പിഎസ്സി സെക്രട്ടറി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഇവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.