ദില്ലി: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയുടെ ലൈംഗീകാരോപണത്തില്‍ എംഎല്‍എ പി കെ ശശിക്കെതിരായ  സംസ്ഥാനകമ്മിറ്റിയുടെ  നടപടി സിപിഎം കേന്ദ്രകമ്മിറ്റി ശരിവച്ചു. ശശിയെ പാര്‍ട്ടിയുടെ പ്രാഥമീകാംഗത്വത്തില്‍നിന്നും ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത നടപടിയാണ് ശരി വെച്ചത്. നടപടി പുന:പരിശോധിക്കണമെന്ന ആവശ്യം കമ്മിറ്റിയില്‍ ഉയര്‍ന്നില്ല. ഇതോടെ ശശിക്കെതിരായ നടപടിയില്‍ പുന:പരിശോധനയില്ല.
പി കെ ശശിക്കെതിരെ കൂടുതല്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പരാതിക്കാരിയായ  യുവതി ഇന്ന് വീണ്ടും കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു.ശശിയെ വെള്ളപൂശിക്കൊണ്ടുള്ള പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് യുവതിയുടെ നീക്കം. എന്നാല്‍ ശശിക്കെതിരായ നടപടി കേന്ദ്രക്കമ്മറ്റി അംഗീകരിച്ച സാഹചര്യത്തില്‍ യുവതിയുടെ പരാതി ഇനി പരിഗണിക്കില്ലെന്ന് വ്യക്തം.