പാലക്കാട് : വാളയാർ അട്ടപ്പള്ളത്ത് രണ്ട് വർഷം മുൻപ് പീഢനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച സഹോദരിമാരുടെ കേസിൽ പ്രതികളെ വെറുതേവിട്ട സംഭവത്തിലൂടെ പിണറായി സർക്കാറിന്റെ വികൃതമുഖം കൂടുതൽ വ്യക്തമായതായി കെ.സുധാകരൻ എം.പി.പറഞ്ഞു.
പോലീസിന് വ്യക്തമായി മൊഴി നല്കിയ കേസിൽ പ്രതികളെ രക്ഷിക്കാൻ ഭരണ സ്വാധീനം ഉപയോഗിച്ച നരാധമൻമാരുടെ ഭരണമാണ് കേരളത്തിൽ നടക്കുന്നത്.
2017 ജനുവരി 13ന് സഹോദരിമാരിൽ മൂത്തകുട്ടി കുടിലിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടപ്പോഴേ അന്വേഷണം കാര്യക്ഷമമാക്കാത്ത പോലീസ് മാർച്ച് നാലിന് അനുജത്തിക്കുട്ടിയും ഇതേ രീതിയിൽ മരിച്ച സംഭവം ഉണ്ടായപ്പോൾ പൂർണ്ണമായും പ്രതികൾക്ക് അനുകൂലമായി നിലകൊണ്ടതിന്റെ പരിണിത ഫലമാണ് കോടതി വിധിയിലൂടെ പുറത്ത് വന്നത്.
പിണറായി ഭരണത്തിൽ വേട്ടക്കാർക്ക് സംരക്ഷണവും ഇരകൾക്ക് മരണവുമാണ് ലഭിക്കുന്നത്. സി.പിഎമ്മിന്റെ സ്വാധീനത്തിൽ കേരളത്തിന്റെ സാമൂഹ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽപ്പോലും പ്രതികളെ രക്ഷപ്പെടുത്താൻ ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തി സൗകര്യമൊരുക്കുകയാണ് ചെയ്യുന്നത്.
വേട്ടക്കാർക്കൊപ്പം നില്ക്കുന്ന കേരള പോലീസിന്റെ അന്വേഷണത്തിലൂടെ ഈ സംഭവത്തിലെ പ്രതികൾക്ക് ശിക്ഷ ലഭിക്കില്ല. ഉടൻ തന്നെ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ തയ്യാറാകണം. പ്രതികളെ വെറുതേവിട്ട കോടതി വിധി ഉണ്ടാകാനുള്ള സാഹചര്യം സൃഷ്ടിച്ച ഔദ്യോഗിക സംവിധാനത്തിന്റെ പരാജയത്തെ കുറിച്ച് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണവും നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെ.സുധാകരൻ എം.പി ആവശ്യപ്പെട്ടു.