തിരുവനന്തപുരം: എല്ലാ പി.എസ്.സി പരീക്ഷകള്‍ക്കും മലയാളത്തില്‍ കൂടി ചോദ്യപേപ്പര്‍ നല്‍കണമെന്ന് പി.എസ്.സിയോട് ആവശ്യപ്പെടാന്‍ ഔദ്യോഗിക ഭാഷ ഉന്നതതല സമിതി യോഗം തീരുമാനിച്ചു. ഇപ്പോള്‍ എസ്.എസ്.എല്‍.സി വരെ യോഗ്യതയുളള പരീക്ഷകള്‍ക്കാണ് മലയാളത്തില്‍ ചോദ്യങ്ങള്‍ നല്‍കുന്നത്. ബിരുദം യോഗ്യതയായ പരീക്ഷകളില്‍ ചോദ്യപേപ്പര്‍ ഇംഗ്ലീഷിലാണ് തയ്യാറാക്കാറുളളത്. അത്തരം പരീക്ഷകള്‍ക്കും മലയാളത്തില്‍ ചോദ്യം നല്‍കണമെന്ന് പി.എസ്.സിയോട് ആവശ്യപ്പെട്ടു. നിലവില്‍ 10 ശതമാനം മാര്‍ക്കിന്റെ ചോദ്യങ്ങളാണ് മലയാള ഭാഷാവിഭാഗത്തില്‍ പി.എസ്.സി. ഉള്‍പ്പെടുത്തിയിട്ടുളളത്. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായിരുന്നു.
ഒന്നിലേറെ പരീക്ഷയുളള ഉദ്യോഗങ്ങള്‍ക്ക് ഒരു പേപ്പര്‍ നിര്‍ബന്ധമായും മലയാളഭാഷ സംബന്ധിച്ചാവണമെന്ന് പി.എസ്.സിയോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു. പ്ലസ് 2 ക്ലാസ്സുകളില്‍ ശാസ്ത്രവിഷയങ്ങള്‍ക്ക് മലയാളത്തില്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കാന്‍ എസ്.ഇ.ആര്‍.ടി.യോട് നിര്‍ദേശിക്കാന്‍ തീരുമാനിച്ചു. എല്ലാ സര്‍ക്കാര്‍ വെബ് സൈറ്റുകളും മലയാളത്തില്‍ കൂടി വേണമെന്നും യോഗം തീരുമാനിച്ചു. മാര്‍ച്ച് 31-നു മുമ്പ് ഇത് പൂര്‍ത്തിയാക്കണം. യോഗത്തില്‍ ഔദ്യോഗിക ഭാഷാവകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, സമിതി അംഗങ്ങളായ ഡോ. ജോര്‍ജ് ഓണക്കൂര്‍, പ്രൊഫ. വി.എന്‍. മുരളി, സുരേഷ് കുറുപ്പ് എം.എല്‍.എ, പ്രൊഫ.വി. കാര്‍ത്തികേയന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
