കോഴിക്കോട്:പി ജയരാജനെതിരെ ‘കൊലയാളി’ പരാമര്‍ശം നടത്തിയതിന് കെ.കെ രമയ്‌ക്കെതിരെ കേസെടുത്തതിനെ നിയമപരമായി നേരിടുമെന്ന് കെ.മുരളീധരന്‍.ആദ്യം ഭര്‍ത്താവിനെ കൊന്നവര്‍ ഇപ്പോള്‍ രമയെയും മാനസികമായി ദ്രോഹിക്കുകയാണെന്നും രമയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു.സത്യം പറഞ്ഞതിനാണ് രമയ്‌ക്കെതിരെ കേസെടുത്തതെന്നും മുരളീധരന്‍ പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ.മുരളീധരനെയാണ് വടകരയില്‍ ആര്‍എംപി പിന്‍തുണയ്ക്കുന്നത്.ആദ്യം വടകരയില്‍ ജയരാജനെതിരെ കെ.കെ.രമ മല്‍സരിക്കാന്‍ ആലോചിച്ചെങ്കിലും പിന്നീട് യുഡിഎഫിന് പിന്തുണ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ കൊലയാളിയെന്ന് വിളിച്ചതിനാണ് കെ കെ രമയ്ക്കെതിരെ കേസെടുത്തത്. കോഴിക്കോട് ആര്‍എംപി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തിയപ്പോഴാണ് പി ജയരാജന്‍ ‘കൊലയാളി’യാണെന്ന് കെ കെ രമ പറഞ്ഞത്.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് നടപടി. ജയരാജനെ കൊലയാളിയാണെന്ന് വിശേഷിപ്പിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും പൊതുജനമധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തെന്നാണ് കോടിയേരിയുടെ പരാതിയില്‍ പറയുന്നത്.

രമ നടത്തിയ പ്രസ്താവനയ്ക്കെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു. അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് രമ ഉള്‍പ്പടെ ആര്‍എംപിയുടെ മൂന്ന് നേതാക്കള്‍ക്കുമെതിരെ പി ജയരാജന്‍ വക്കീല്‍ നോട്ടീസും അയച്ചിരുന്നു.