മുംബൈ:ബീഹാര്‍ സ്വദേശിനിയുടെ ലൈംഗീക പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി മുംബൈ ഓഷിവാരാ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി.യുവതിയുടെ ആവശ്യപ്രകാരം ഡിഎന്‍എ പരിശോധന നടത്താന്‍ സമ്മതമാണെന്ന് ബിനോയ് അറിയിച്ചതായി ഓഷിവാരാ പോലീസ് പറഞ്ഞു.ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന ജാമ്യവ്യവസ്ഥയനുസരിച്ചാണ് ബിനോയ് എത്തിയത്.പോലീസ് സ്‌റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ബിനോയിയെ ചോദ്യം ചെയ്തു.
കുട്ടിയുടെ പിതൃത്വം തെളിയിക്കാനാണ് ബിനോയിയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന് യുവതി പരാതിയില്‍ ആവശ്യപ്പെട്ടത്. ഡിഎന്‍എ പരിശോധന ആവശ്യപ്പെട്ടാല്‍ അതിന് തയ്യാറാകണമെന്ന് ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയ മുംബൈ ദിന്‍ഡോഷി കോടതിയും നിര്‍ദേശിച്ചിരുന്നു.ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായ ബിനോയിയോട് ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പിളുകള്‍ നല്‍കണമെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ബിനോയ് ഡിഎന്‍എ പരിശോധനയ്ക്ക് സമ്മതമറിയിച്ചതായും പോലീസ് പറയുന്നു.