ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന പുകമഞ്ഞ് വരും മാസങ്ങളിലും തുടരുമെന്ന് പഠന റിപ്പോര്‍ട്ട്. അമേരിക്കയിലെ പ്രശസ്ത അന്തരീക്ഷ പഠനകേന്ദ്രമാണ് വിവരം പുറത്തുവിട്ടത്. ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങളാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ കാത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തരേന്ത്യയിലും പാകിസ്ഥാനിലും പുകമഞ്ഞ് ആരംഭിച്ചതേയുള്ളൂ, ശൈത്യകാലം ആരംഭിക്കുന്നതോടെ അവ കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കും. അന്തരീക്ഷ മലിനീകരണം വര്‍ധിക്കും, വായു ഗോളങ്ങള്‍ രൂപപ്പെടുമെന്നും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷന്‍(എന്‍ഒഎഎ) പറയുന്നു. കാര്‍ഷിക വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതും ഇന്ധനങ്ങളുടെ ജ്വലനം തുടങ്ങിയവയാണ് പുകമഞ്ഞിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ഉയരുകയാണെങ്കില്‍ വായുമലിനീകരണത്തിന്റെ തോതും ക്രമാനുഗതമായി വര്‍ധിക്കും.

മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും മാലിന്യങ്ങള്‍ കത്തിക്കരുതെന്നും സംഘടന നിര്‍ദ്ദേശിക്കുന്നു. വരാനിരിക്കുന്ന വന്‍ പാരിസ്ഥിതിക പ്രശ്നം ഒഴിവാക്കാന്‍ കനത്ത ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ ഒരാഴ്ചയിലധികമായി ഡല്‍ഹിയും പരിസരപ്രദേശങ്ങളും അന്തരീക്ഷ മലിനീകരണത്തിന്റെ പിടിയിലാണ്. പുകമഞ്ഞ് വര്‍ധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബിലെ വിമാന സര്‍വ്വീസുകള്‍ വൈകുകയും പലതും റദ്ദ് ചെയ്യുകയും ചെയ്തിരുന്നു.