എടത്വ: ആർപ്പുവിളികളുകളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെ നൂറ് കണക്കിന് ജലോത്സവ പ്രേമികളുടെ സാന്നിദ്ധ്യത്തിൽ  പുതുക്കി പണിത മാമ്മൂടന്‍ നിരണയല്‍ നടത്തി.

മാമ്മൂടന്‍ കളിവള്ളം

വള്ളംകളി പ്രേമികളുടെ മനസ്സില്‍ മത്സരാവേശത്തിന്റെ അത്ഭുത കാഴ്ചകള്‍ നിറച്ച് വിജയങ്ങള്‍ നേടിയിട്ടുള്ള ഇരുട്ടുക്കുത്തി വിഭാഗത്തിലുള്ള മാമ്മൂടന്‍ കളിവള്ളം ആണ് വീണ്ടും  തിരികെയെത്തിയിരിക്കുന്നത്.

മിസ്സോറാം മുന്‍ ഗവര്‍ണര്‍ ഡോ. കുമ്മനം രാജശേഖരന്‍ നീരണിയ്ക്കല്‍ നിര്‍വഹിച്ചു. പി.സി. ജോര്‍ജ് എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂബ് പുഷ്പാകരന്‍, ഗ്രാമപഞ്ചായത്ത് അംഗം ഷീനാ എലിസബത്ത്, കേരള ബോട്ട് റേസ് ഓണേഴ്‌സ് അസോസിയേഷന്‍ രക്ഷാധികാരി കെ.പി. ഫിലിപ്പ്, മാമൂട്ടില്‍ കുടുംബയോഗം പ്രസിഡന്റ് കുര്യന്‍ ജോര്‍ജ്, അഡ്വ. ഉമ്മന്‍ എം. മാത്യു, ജേക്കബ് ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.

വള്ളത്തിന്റെ പിടിപ്പ് കൂട്ടിയും അമര ചുരുളിന്റെ ഭാഗത്ത് അകലം കൂട്ടിയും വള്ളത്തിന്റെ വില്ല് പൂര്‍ണ്ണമായും പുതുക്കി മധ്യഭാഗത്ത് വീതി ഉള്ള പലക ചേര്‍ത്തുമാണ് ഇപ്പോള്‍ പുതിക്കിയിരിക്കുന്നത്. മുപ്പത്തി ഒന്നേകാല്‍ കോല്‍ നീളവും, 46 അംഗുലം വീതിയും ഉള്ള മാമ്മൂടനില്‍ 51 തുഴക്കാരും മൂന്ന് അമരക്കാരും, മൂന്ന് നിലയാളുകളും ഉണ്ടാകും. മുഖ്യശില്പി കോയില്‍മുക്ക് സാബു നാരായണന്‍ ആചാരിയെ ആദരിച്ചു.

മത്സര രംഗത്ത്  ഉള്ള എല്ലാ കളിവള്ളങ്ങളെയും സി.ബി.എല്ലിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്  ജലോത്സവ പ്രേമികൾ നിവേദനം നല്കി.ചടങ്ങിൽ കളിവള്ള ഉടമകൾ ഉൾപ്പെടെ സാമൂഹ്യ, സാംസ്ക്കാരിക ,രാഷ്ട്രീയ, പൊതുപ്രവത്തന രംഗത്തെ നിരവധി പ്രമുഖർ സംബന്ധിച്ചു.