തലവടി:ഏതൊരു വള്ളംകളി പ്രേമിയുടെയും മനസ്സില്‍ മത്സരാവേശത്തിന്റെ അത്ഭുത കാഴ്ചകള്‍ നിറച്ച് വിജയങ്ങള്‍ നേടിയിട്ടുള്ള ഇരുട്ടുക്കുത്തി വിഭാഗത്തിലുള്ള  മാമ്മൂടന്‍ തിരികെയെത്തുന്നു.പുതുക്കി പണിത മാമ്മൂടൻ 2019  ആഗസ്റ്റ് 19 ന്  ഉച്ചയ്ക്ക്  12:05ന് മിസ്സോറാം മുൻ ഗവർണർ ഡോ.കുമ്മനം രാജശേഖരൻ നീരണിയ്ക്കൽ നിർവഹിക്കും. പി.സി. ജോർജ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കൽ അദ്ധ്യക്ഷത വഹിക്കും. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂബ് പുഷ്പാകരൻ, അംഗം ഷീനാ എലിസബേത്ത് ,കേരള ബോട്ട് റേസ് ഓണേഴ്സ് അസോസിയേഷൻ രക്ഷാധികാരി കെ.പി.ഫിലിപ്പ്, മാമൂട്ടിൽ കുടുംബയോഗം പ്രസിഡന്റ് കുര്യൻ ജോർജ്, എന്നിവർ ആശംസ അറിയിക്കും. അഡ്വ.ഉമ്മൻ എം.മാത്യം സ്വാഗതവും ജേക്കബ് ഉമ്മൻ കൃതജ്ഞതയും അറിയിക്കും.

2018 മാർച്ച്‌ 12ന് ഉളികുത്തിയ മാമൂടൻ  മുൻപ്  പലപ്പോഴും ചെറിയതോതില്‍ പുതുക്കിയിട്ടുണ്ട്.മുഖ്യമായും വള്ളത്തിന്‍റെ പിടിപ്പ് കൂട്ടിയും കൂടാതെ അമരചുരുളിന്‍റെ ഭാഗത്ത് അകലം കൂട്ടിയും വള്ളത്തിന്‍റെ വില്ല് പൂര്‍ണ്ണമായും പുതുക്കിയും വള്ളത്തിന്‍റെ മധ്യഭാഗത്ത് വീതി ഉള്ള പലക ചേര്‍ത്തുമാണ് ഇപ്പോൾ പുതിക്കിയിരിക്കുന്നത്.മുപ്പത്തി ഒന്നേകാൽ  കോല്‍ നീളവും ,46 അംഗുലം വീതിയും ഉള്ള മാമ്മൂടനില്‍ 51 തുഴക്കാരും 3 അമരക്കാരും ,3 നിലയാളുകളും ഉണ്ടാകും.കോവിൽമുക്ക് സാബു നാരായണന്‍ ആചാരിയാണ്‌ മുഖ്യ ശില്പി .