കൊച്ചി: നടി ഭാവനയുടെ വിവാഹം മാറ്റിവെച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്നത് വാര്‍ത്ത അടിസ്ഥാനരഹിതം. കന്നട നടനും നിര്‍മ്മാതാവുമായ നവീനുമൊത്തുള്ള ഭാവനയുടെ വിവാഹം നീട്ടിവെച്ചുവെന്ന വാര്‍ത്ത വ്യാജമാണെന്ന് കുടുംബാംഗം പ്രതികരിച്ചു.

ഭാവനയുടെ വിവാഹം ഒക്ടോബറില്‍ ഉണ്ടാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാഹവാര്‍ത്ത വൈകിയതോടെയാണ് ഊഹാപോഹവുമായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ രംഗത്തെത്തിയത്. നവീന്‍ ഇപ്പോള്‍ കല്യാണം വേണ്ടെന്നു പറഞ്ഞതായാണ് ഒടുവില്‍ പുറത്തുവന്നത്. ഭാവനയുടെ സിനിമ തിരക്കുകളാണ് വിവാഹം വൈകാന്‍ കാരണമെന്ന് മറ്റ് ചിലര്‍ റിപ്പോര്‍ട്ട് ചെയ്തു.

‘നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരുന്നതിനാലാണ് വിവാഹം നീട്ടിവെച്ചത്. അത് വളരെ നേരത്തെ തന്നെ എടുത്ത തീരുമാനമായിരുന്നു. ഇപ്പോള്‍ നവീന്‍ വിവാഹം വേണ്ടെന്നു പറഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണ്. അടുത്ത വര്‍ഷം ആദ്യത്തോടെ വിവാഹം ഉണ്ടാകും.’ കുടുംബാംഗം പ്രതികരിച്ചു.

വളരെ സ്വകാര്യമായിട്ടായിരുന്നു ഭാവനയുടെ വിവാഹ നിശ്ചയം നടന്നിരുന്നത്. ചടങ്ങില്‍ ഭാവനയുടെയും നവീന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്.