കൊച്ചി: പുതുവെപ്പ് സമരത്തില്‍ ജനങ്ങളുടെ ആശങ്കള്‍ ന്യായമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദസമിതി പറഞ്ഞു. ഇത് സംബദ്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച സമിതി ഹരിത ട്രൈബ്യൂണലില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഐഒസി അനുമതി നല്‍കിയപ്പോഴുളള ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്നും ദുരന്തനിവാരണ പദ്ധതി പുനപരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പദ്ധതിയുടെ മേല്‍നോട്ടത്തിന് വിദഗ്ധസമിതി രൂപീകരിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്.

പുതുവൈപ്പിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പുതിയ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനലിനെതിരായുള്ള നാട്ടുകാരുടെ സമരം കൈകാര്യം ചെയ്തതില്‍ പൊലീസിനു പിഴവ് പറ്റിയെന്ന ആക്ഷേപമുയര്‍ന്നിരുന്നു. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും സിപിഐ ജില്ലാ നേതൃത്വവും പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു രംഗത്ത് വന്നിരുന്നു.

രാജ്യത്തെ പാചകവാതക ക്ഷാമത്തിനു തന്നെ പരിഹാരമാകുന്ന പദ്ധതികളിലൊന്നായാണ് ഇതിനെ ഐഒസി വിഭാവനം ചെയ്യുന്നതെങ്കിലും ജനസാന്ദ്രത കൂടിയ പുതുവൈപ്പ് പ്രദേശത്ത് ഇതു സുരക്ഷാപ്രശ്‌നമുണ്ടാക്കുമെന്നാണു നാട്ടുകാരുടെയും ജനകീയ ജാഗ്രതാ സമിതിയുടെയും പരാതി. സിപിഎമ്മിന്റെയും സിപിഐയുടെയും പ്രാദേശിക നേതാക്കള്‍ സമിതിയെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണയ്ക്കുന്നു.