ദില്ലി:പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്ക് നല്‍കിയ സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു.ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ്, അബ്ദുള്‍ ഗനി ഭട്ട്,ബിലാല്‍ ലോന്‍,ഹാഷിം ഖുറേഷി,ഷബീര്‍ ഷാ എന്നിവരുടെ സുരക്ഷയാണ് പിന്‍വലിച്ചത്.
സുരക്ഷയുടെ പേരില്‍ വിഘടനവാദി നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക വാഹനം ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും പിന്‍വലിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐയുമായി വിഘടനവാദി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ജമ്മു കശ്മീരില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിരുന്നു. സൈനികവിഭാഗങ്ങളുടെ വന്‍ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ ഇനി പ്രധാന റോഡുകളിലൊന്നിലും സിവിലിയന്‍ വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല.രാജ്‌നാഥ് സിംഗ് ശ്രീനഗറില്‍ വിളിച്ച ഉന്നതതല യോഗമാണ് തീരുമാനമെടുത്തത്.