തിരുവനന്തപുരം: കേരളത്തിലെ സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് അടിയന്തരമായി ചികിത്സാ പദ്ധതി നടപ്പിലാക്കണമെന്നും മെഡിക്കല്‍ അലവന്‍സ് ആയിരം രൂപയായി ഉയര്‍ത്തണമെന്നും മുന്‍ മന്ത്രി വി.എസ് ശിവകുമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ കൂട്ടധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാത്ത സര്‍ക്കാരാണ് പിണറായിയുടേത്. അതിനാലാണ് പെന്‍ഷന്‍കാരോട് അവഗണന കാട്ടുന്നത്. ജനങ്ങള്‍ക്കായി യു.ഡി.എഫ് നടപ്പിലാക്കിയ സൗജന്യ ചികിത്സാ പദ്ധതി ആകെ അട്ടിമറിച്ചിരിക്കുകയാണെന്നും ശിവകുമാര്‍ പറഞ്ഞു. പെട്രോളിന്റെ വില കുറയ്ക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ 625 കോടി രൂപയുടെ നികുതി ഇളവ് നല്‍കിയപ്പോള്‍ പിണറായി സര്‍ക്കാര്‍ ഒരു രൂപയുടെ ഇളവ് നല്‍കാന്‍ പോലും തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡന്റ് അയത്തില്‍ തങ്കപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി അരവിന്ദാക്ഷന്‍, ബി.സി ഉണ്ണിത്താന്‍, ആര്‍. രാജന്‍ കുരുക്കള്‍, ആര്‍. പ്രഭാകരന്‍ തമ്പി, ജെ. ബാബു രാജേന്ദ്രന്‍ നായര്‍, മങ്ങാട് രാജേന്ദ്രന്‍, കെ. വിക്രമന്‍ നായര്‍, ജി. പരമേശ്വരന്‍ നായര്‍, കെ.ബി ജയറാം, അസിം ബീവി, ഡോ. എം.സി.കെ വീരാന്‍, ഡി. ചിദംബരം, വി. രാമചന്ദ്രന്‍, മാമ്പഴക്കര സദാശിവന്‍ നായര്‍, ഹരിഹരന്‍ മാസ്റ്റര്‍, മദനദേവന്‍ നായര്‍, കെ.ജി രാധാകൃഷ്ണന്‍, വി. ബാലകൃഷ്ണന്‍, തെങ്ങുംകോട് ശശി തുടങ്ങിയവര്‍ സംസാരിച്ചു.