തൃശൂര്‍:പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിട്ടും വെള്ളം നിറഞ്ഞ് കവിഞ്ഞൊഴുകി ചാലക്കുടി പുഴയിലും വെള്ളം ഉയരുകയാണ്.ചാലക്കുടി ടൗണും വെള്ളത്തിലായി.ചാലക്കുടി ഭാഗത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.എത്രയും പെട്ടെന്ന് പ്രദേശത്തുനിന്ന് എല്ലാവരും ഒഴിഞ്ഞു പോകണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.ചാലക്കുടിയില്‍ ഇപ്പോള്‍ ശക്തമായ കാറ്റും വീശുന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയാണ്.ആലുവ,മാഞ്ഞാലി,കമ്പനിപ്പടി ഇവിടങ്ങളില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം പലയിടങ്ങളിലും ബോട്ട്എ ത്തിക്കാനായിരുന്നില്ല.മല്‍സ്യബന്ധനബോട്ടുകളില്‍ മല്‍സ്യത്തൊഴിലാളികളെത്തി നിരവധിപേരെ രക്ഷപ്പെടുത്തിയിരുന്നു.
നോക്കിനില്‍ക്കെ പെരിയാറില്‍ വെള്ളം ഉയര്‍ന്നതോടെ കൊച്ചി നഗരത്തിലേക്കും വെള്ളം കയറുകയാണ്.ഇടപ്പള്ളി തോട് നിറഞ്ഞു. വടുതല,ചിറ്റൂര്‍,ഇടപ്പള്ളി,പേരണ്ടൂര്‍ മേഖലകളിലേക്കാണ് വെള്ളം കയറുന്നത്.ആലുവയില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.പെരുമ്പാവൂര്‍,കാലടി,അങ്കമാലി തുടങ്ങിയ പ്രദേശങ്ങളില്‍ ഇനിയും കഴിയുന്നവര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
ആളുകളെ ഒഴിപ്പിക്കുകയും ക്യാമ്പുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്.ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയുടെ ഭാഗങ്ങളില്‍ വെള്ളം കയറിയതിനാല്‍ 200 ഓളം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.കൊച്ചിയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

വെള്ളം കയറിയ നെടുമ്പാശേരി വിമാനത്താവളം ഈ മാസം 26വരെ അടച്ചിടും.റണ്‍വേയിലും പാര്‍ക്കിംഗ് ഏരിയയിലും ഓപ്പറേഷന്‍സ് ഏരിയയിലും വെള്ളം കയറിയതിനാല്‍ വിമാനത്താവളം പൂര്‍വ്വസ്ഥിതിയിലെത്തിക്കാന്‍ ദിവസങ്ങളെടുക്കും.