കാസര്‍കോഡ്:പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ കസ്റ്റഡിയിലുണ്ടായിരുന്ന അഞ്ചുപേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. എച്ചിലടുക്കം സ്വദേശികളായ കെ എം സുരേഷ്,കെ അനില്‍ കുമാര്‍,കുണ്ടംകുഴി സ്വദേശി അശ്വിന്‍, കല്ലിയോട്ട് സ്വദേശികളായ ശ്രീരാഗ്,ഗിരിജന്‍,എന്നിവരാണ് സറസ്റ്റിലായത്. ഇവര്‍ സിപിഎം അനുഭാവികളാണ്. അനിലും സുരേഷും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളാണെന്നും പീതാംബരന്റെ നിര്‍ദ്ദേശപ്രകാരമാണ് കൊലനടത്തിയതെന്നും പൊലീസ് പറയുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. നേരത്തേ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം പീതാംബരന്‍,പ്രതികള്‍ക്ക് വാഹനമെത്തിച്ചുകൊടുത്ത സജി ജോര്‍ജ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
അതേ സമയം പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കി പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവ് പുറപ്പെടുവിച്ചു.ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണ സംഘത്തിന്റെ മേല്‍നോട്ടച്ചുമതല.അന്വേഷണ സംഘത്തെ ഐജി നിശ്ചയിക്കും.