കാസര്‍കോട്:പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസുകാരെ കൊലപ്പെടുത്തിയത് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനും കസ്റ്റഡിയിലുള്ള ആറു പേരും ചേര്‍ന്നാണെന്നാണു മൊഴി.കൃപേഷിനെ തലയ്ക്ക വെട്ടിയത് താനാണെന്ന് പീതാംബരന്‍ പോലീസിനോട് പറഞ്ഞു.കൊല നടത്തിയത് കഞ്ചാവ് ലഹരിയിലാണ്.താന്‍ ലോക്കല്‍ കമ്മിറ്റി അംഗമായിട്ടും ആക്രമിക്കപ്പെട്ടുവെന്നും ഇതിന്റെ അപമാനം താങ്ങാനാകാതെയാണ് കൊല നടത്തിയതെന്നും പീതാംബരന്‍ പറഞ്ഞു.പീതാംബരനും കസ്റ്റഡിയിലുള്ള ആറുപേരും മൊഴിയിലുറച്ചു നില്‍ക്കുകയാണ്.അന്വേഷണത്തോട് പ്രതികള്‍ സഹകരിക്കുന്നില്ലെന്നും പോലീസ് പറയുന്നു.
ചോദ്യം ചെയ്യുന്ന പോലീസിനെ കുഴപ്പിച്ച് പ്രതികള്‍ മൊഴികള്‍ ഒരുപോലെ ആവര്‍ത്തിക്കുന്നത് അന്വേഷണത്തിന്റെ ദിശ തിരിച്ച് വിടാനുള്ള ശ്രമമാണെന്നാണ് പോലീസ് നിഗമനം.ചോദ്യം ചെയ്യല്‍ തുടരുകയാണ്.
ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ എ പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.കൃത്യം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാകും എ പീതാംബരനെ കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുക.
പീതാംബരന്‍ നിരവധി കേസില്‍ പ്രതിയാണ്.പീതാംബരന്‍ ആക്രമിക്കപ്പെട്ട കേസിലെ പ്രതികളാണ് കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും.കേസില്‍ ജാമ്യം കിട്ടിപുറത്തിറങ്ങിയപ്പോഴായിരുന്നു ഇരുവരേയും ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്.പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പീതാംബരനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി.