കാസര്‍കോട്:പെരിയയില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ പിടിയിലായി.സിപിഎം ലോക്കല്‍ കമ്മറ്റി അംഗം എ പീതാംബരനാണ് ഇന്നലെ രാത്രിയോടെ പിടിയിലായത്. പീതാംബരനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്.ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്‍ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് ഏഴുപേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളത്.ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കൊലയ്ക്ക് പിന്നില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന് പങ്കുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.കൊലപാതകം രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണെന്നും കൊലയ്ക്ക് പിന്നില്‍ സിപിഎം ആണെന്നും പോലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടിലും പറയുന്നു.
സംഭവസ്ഥലത്ത് സ്ഥലത്ത് നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും കത്തിയുടെ പിടിയും പോലീസിന് ലഭിച്ചിരുന്നു. ഇവിടെ ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു.ഇവിടെ നിന്ന് ലഭിച്ച വിരലടയാളം സംബന്ധിച്ച അന്വേഷണങ്ങളും പുരോഗമിക്കുകയാണ്.കൊലപാതകം നടന്ന ദിവസം സ്ഥലത്തെത്തിയ കണ്ണൂര്‍ രജിസ്ട്രേഷനിലുള്ള ജീപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.സിപിഎമ്മിന്റെ ഒരു പ്രാദേശിക നേതാവ് ജീപ്പില്‍ എത്തിയവര്‍ക്ക് ശരത് ലാലിനേയും കൃപേഷിനേയും കാണിച്ച് കൊടുത്തതായി പോലീസിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.