വടകര: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി പേരാമ്പ്ര സി.കെ.ജി ഗവ.കോളേജില്‍ എത്തിയപ്പോഴാണ് മുരളീധരനെതിരെ എസ്എഫ്ഐ പ്രതിഷേധവുമായെത്തിയത്. മുരളീധരന് യുഡിഎഫ് നേതാക്കള്‍ക്കൊപ്പം കോളേജിന്റെ ഗേറ്റിനടുത്തേക്ക് എത്തുന്നതിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗേറ്റ് അടയ്ക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
കൂടെയുള്ളവര്‍ ഗേറ്റ് തുറന്ന് മുരളീധരനെ കോളജിനകത്തു പ്രവേശിപ്പിച്ചെങ്കിലും കോളേജിന്റെ ഇടനാഴിയിലും ഗോവണിയിലുമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വഴിമുട്ടി നിന്ന് പി .ജയരാജന് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതോടെ കെ.എസ്.യു പ്രവര്‍ത്തകരും മുദ്രാവാക്യം വിളി തുടങ്ങുകയും കോളജില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാവുകയും ചെയ്തു. സാഹചര്യം മോശമായതോടെ കെ.മുരളീധരന് വോട്ടഭ്യര്ത്ഥിക്കാതെ തിരികെ മടങ്ങുകയായിരുന്നു.