[author image=”http://veekshanamonline.media/wp-content/uploads/2017/11/Nizar-Mohammed.jpg” ]നിസാര്‍ മുഹമ്മദ് [/author]

തിരുവനന്തപുരം: കേരളത്തിലെ സിനിമാ ആരാധകര്‍ ഉല്‍സവമായി കൊണ്ടാടുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള കോടതി കയറുന്നു. തിരുവനന്തപുരത്ത് ഡിസംബര്‍ എട്ടുമുതല്‍ ആരംഭിക്കുന്ന ചലച്ചിത്രമേള കാണുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരം നിഷേധിച്ച നടപടിയാണ് നിയമനടപടിയിലേക്ക് നീങ്ങുന്നത്. ഡെലിഗേറ്റ് പാസ് പരിമിതപ്പെടുത്തിയ ചലച്ചിത്ര അക്കാദമിയുടെ നടപടിക്കെതിരെ നിയമയുദ്ധത്തിന് തയാറെടുക്കുകയാണ് സിനിമാ പ്രവര്‍ത്തകരും ആരാധകരും. ആവശ്യത്തിന് ഡെലിഗേറ്റ് പാസ് അനുവദിക്കാതെ വെറും രണ്ടുമണിക്കൂറിനുള്ളില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടപടി അവസാനിപ്പിച്ച അക്കാദമിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനും ആലോചനയുണ്ട്. ചലച്ചിത്ര മേള തുടങ്ങിയ കാലം മുതല്‍ മുടങ്ങാതെ കാണുന്ന പ്രേക്ഷകര്‍ക്ക് പോലും പാസിന് അപേക്ഷിക്കാന്‍ കഴിയാത്തതാണ് അക്കാദമിയെ നിയമക്കുരുക്കില്‍ എത്തിച്ചിരിക്കുന്നത്. റെയില്‍വേ താല്‍ക്കാല്‍ സംവിധാനം പോലെ ചലച്ചിത്രമേളയുടെ പാസിന്റെ അപേക്ഷ സ്വീകരിക്കുന്ന പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തിയ അക്കാദമിക്കെതിരെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം അലയടിക്കുകയാണ്. ഓണ്‍ലൈനിലൂടെയല്ലാതെ അക്കാദമി ഓഫീസിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരവും ഇക്കുറി നിഷേധിച്ചിരിക്കുകയാണ്.

പൊതുജനങ്ങള്‍ക്ക് പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചത് ഇന്നലെയായിരുന്നു. ഒന്നര മണിക്കൂറിനകം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ത്തിവെച്ചു. പാസുകളുടെ എണ്ണം പരിമിതപ്പെടുത്തിയെന്നും അതിനാല്‍ രജിസ്ട്രേഷന്‍ നിര്‍ത്തിയെന്നുമായിരുന്നു അക്കാദമിയുടെ അറിയിപ്പ്. പത്തുമണിക്ക് മുമ്പേ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അവസാനിപ്പിച്ചതോടെ വലിയൊരു വിഭാഗം പൊതുജനങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനായില്ല. ഇത് വലിയ പ്രതിഷേധത്തിന് വഴിവെച്ചതോടെ മറ്റ് വിഭാഗങ്ങളിലെ രജിസ്ട്രേഷന് ശേഷം ബാക്കിയുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് നല്‍കാമെന്നായിരുന്നു അക്കാദമിയുടെ മറുപടി. എല്ലാ വിഭാഗത്തിനുമായി ആകെ 10,000 പാസുകള്‍ എന്നതാണ് ഇക്കുറി അക്കാദമിയുടെ പരിഷ്‌കാരം.

അതേസമയം രണ്ടുദിവസങ്ങളിലായി രജിസ്റ്റര്‍ ചെയ്യാമെന്ന് അറിയിപ്പ് നല്‍കിയ ശേഷം പൊടുന്നനെ നിര്‍ത്തലാക്കിയതിനെ പ്രേക്ഷകര്‍ ചോദ്യം ചെയ്യുന്നു. പൊതുവിഭാഗത്തിലെ രജിസ്ട്രേഷന്‍ ഇന്നലെ ആരംഭിച്ച് നാളെ വരെയാണു നിശ്ചയിച്ചിരുന്നത്. എന്നാല്‍ അനുവദിച്ചിട്ടുള്ളതിനേക്കാളും ഏറെ പേര്‍ അക്കാദമിയുടെ വെബ്സൈറ്റില്‍ എത്തിയെന്നാണ് വിശദീകരണം. പൊതുവിഭാഗത്തില്‍ 6,000 പേര്‍ക്ക് പാസു നല്‍കിയതായി ചലച്ചിത്ര അക്കാദമി അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള രജിസ്ട്രേഷന്‍ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. 1000 പാസുകളാണു വിദ്യാര്‍ഥികള്‍ക്കായി നല്‍കിയിരിക്കുന്നത്. 500 രൂപയായിരുന്നു ഫീസ്. ഡെലിഗേറ്റ് പാസിനാകട്ടെ 650 രൂപയും. കഴിഞ്ഞ വര്‍ഷം യഥാക്രമം ഇത് 300 ഉം 500 രൂപയും ആയിരുന്നു.

ചലച്ചിത്ര- ടി.വി പ്രവര്‍ത്തകര്‍ക്കും, ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പാസിനായി അടുത്തിദിവസങ്ങളില്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് ബാക്കിയുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്കു നല്‍കാനാണു തീരുമാനം. എല്ലാ വിഭാഗങ്ങളിലുമായി രജിസ്ട്രേഷന്‍ പൂര്‍ത്തിയായവരുടെയും പണമടച്ചവരുടെയും ആകെ എണ്ണം പരിശോധിച്ചതിന് ശേഷമായിരിക്കും അത്. കഴിഞ്ഞവര്‍ഷവും ഇതേ പ്രശ്നം ഉണ്ടായെങ്കിലും യഥാസമയം ഇടപെട്ട് പരിഹരിച്ചു. എന്നാല്‍ ഇക്കുറി പാസ് പരിമിതപ്പെടുത്താന്‍ സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ടെന്നാണ് അക്കാദമിയുടെ വാദം. ഇത്തവണ തറയില്‍ ഇരുന്നോ നിന്നോ സിനിമ കാണാന്‍ അനുവദിക്കില്ലെന്ന് അക്കാദമി വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാലും തിയറ്ററുകള്‍ മുന്നോട്ടുവെച്ച നിബന്ധന പ്രകാരവും സീറ്റുകളുടെ എണ്ണത്തിന് അനുസരിച്ചു മാത്രമേ തിയറ്ററുകളില്‍ പ്രവേശനം അനുവദിക്കൂ. 14 തിയേറ്ററുകളിലായി ഇത്തവണ 8048 സീറ്റുകളുണ്ട്. പൊതുവിഭാഗത്തില്‍ 7000, വിദ്യാര്‍ഥികള്‍ക്കും സിനിമ, ടിവി പ്രഫഷണലുകള്‍ക്കും 1000 വീതം, മീഡിയയ്ക്കും ഫിലിം സൊസൈറ്റി അംഗങ്ങള്‍ക്കും 500 വീതം എന്നിങ്ങനെയാണ് പാസ് നിശ്ചയിച്ചിരിക്കുന്നത്. പൊതുവിഭാഗത്തില്‍ ചലച്ചിത്ര സമീക്ഷയുടെ വരിക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. ഇനി ചലച്ചിത്ര- ടി.വി പ്രവര്‍ത്തകര്‍ക്ക് 16 മുതല്‍ 18 വരെയും ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ക്ക് 19 മുതല്‍ 21 വരെയും മീഡിയയ്ക്ക് 22 മുതല്‍ 24 വരെയും രജിസ്റ്റര്‍ ചെയ്യാം.

അതേസമയം, തുടങ്ങും മുമ്പേ ഒന്നിനു പിറകെ മറ്റൊന്നായി ഉണ്ടാകുന്ന വിവാദങ്ങള്‍ ഇക്കുറി ചലച്ചിത്ര മേളയുടെ ശോഭ കെടുത്തുമെന്നാണ് വിമര്‍ശനം. സ്വതന്ത്ര സിനിമകളോടുള്ള ചലച്ചിത്ര അക്കാദമിയുടെയും ഐ.എഫ്.എഫ്.കെയുടെയും അവഗണനയായിരുന്നു ആദ്യ വിവാദത്തിന് തിരികൊളുത്തിയത്. ദേശീയ-രാജ്യാന്തര ചലച്ചിത്രമേളകളില്‍ തെരഞ്ഞെടുക്കപ്പെടുകയും പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുകയും ചെയ്ത ചിത്രങ്ങളെ മല്‍സര വിഭാഗത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയത് തുടക്കത്തില്‍ തന്നെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍, സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ നടത്തുന്ന ചലച്ചിത്രമേളയ്ക്ക് സമാന്തരമായി മറ്റൊരു മേള ഒരുക്കി പ്രതിഷേധം അറിയിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുകയാണ്. കാഴ്ച ഫിലിം സൊസൈറ്റി ഭാരവാഹികളുടെ നേതൃത്വത്തിലാണ് സമാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. ഡിസംബര്‍ എട്ടുമുതല്‍ പതിനൊന്നുവരെ ചലച്ചിത്രമേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററിന് തൊട്ടടുത്തുള്ള ലെനിന്‍ ബാലവാടിയാണ് സമാന്തര മേള. നിറവ് ആര്‍ട്ട് മൂവീസും സമാന്തരമേളയുമായി സഹകരിക്കുന്നുണ്ട്. ‘കാഴ്ച ഇന്‍ഡി ഫെസ്റ്റ് (കെ.ഐ.എഫ്) എന്നാണ് സമാന്തര മേളയ്ക്ക് പേരിട്ടിരിക്കുന്നത്. മലയാളത്തിലും ഇതര ഇന്ത്യന്‍ ഭാഷകളിലുമുള്ള 12 ചലച്ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഡിസംബര്‍ എട്ടു മുതല്‍ 15 വരെയാണു ചലച്ചിത്രമേള.