പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യത്തെ ഓരോ ജനാധിപത്യ വിശ്വാസികൾക്കും പ്രചോദനം നല്കിക്കൊണ്ടിരിക്കയാണ് .ആദ്യ ഘട്ടത്തിൽ വിദ്യാർഥികൾ തുടങ്ങി വച്ച പ്രതിഷേധങ്ങൾ ഉദ്യോഗസ്ഥർ ,കലാകാരന്മാർ ,സാധാരണ ജനങ്ങൾ തുടങ്ങി എല്ലാ മേഖലയിൽ നിന്നുള്ളവരും പ്രക്ഷോഭത്തിൽ അണിനിരക്കുന്നു .ഇന്ത്യയുടെ ആത്മാവിനു വേണ്ടിയുള്ള പ്രക്ഷോഭമാണ് നടക്കുന്നത് .പ്രക്ഷോഭം തകർക്കാൻ കേന്ദ്രസർക്കാർ ശ്രമം തുടരുന്നു. എന്തുവന്നാലും പിന്നോട്ടില്ല എന്ന് കേന്ദ്രം വീണ്ടും വീണ്ടും പ്രഖ്യാപിക്കുന്നു .പ്രതിഷേധങ്ങളെ തകർക്കാനുള്ള ബി ജെ പി യുടെ തന്ത്രങ്ങളെ കുറിച്ചും അവരൊരുക്കുന്ന കെണികളെ കുറിച്ചും ഡോ.ശശി തരൂർ എം പി മുന്നറിയിപ്പ് നൽകുന്നു .
“ആരാണ് പ്രക്ഷോഭം നടത്തുന്നതെന്ന് അവരുടെ വസ്ത്രം നോക്കി തിരിച്ചറിയാം “എന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രസ്താവനയിലേക്കു ശ്രദ്ധ ക്ഷണിക്കുകയാണ് തരൂർ .പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നതു മുസ്ലീങ്ങൾ മാത്രമാണെന്ന് വരുത്തി തീർക്കാൻ ബി ജെ പി ശ്രമിച്ചുകൊണ്ടേയിരിക്കുന്നു .ന്യുനപക്ഷങ്ങൾക്കെതിരെ വിവേചനമുണ്ടാകാതെ നോക്കേണ്ടത് ഭൂരിപക്ഷത്തിന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ അംബേദ്കറുടെ വാക്കുകളുടെ പ്രാധാന്യം ഇന്ന് ഇന്ത്യക്കാർ മനസിലാക്കുന്നു.മത മൗലികവാദം കൊണ്ടോ തീവ്രവാദം കൊണ്ടോ ഈ പ്രക്ഷോഭം മുന്നോട്ടു കൊണ്ടുപോകാമെന്ന വിചാരം നല്ലതല്ല .
തിരുവനന്തപുരത്തു രാജ്ഭവന് മുന്നിൽ മുസ്ലിം കോഓർഡിനേഷൻ കൗൺസിൽ പൗരത്വ ഭേദഗതിക്കെതിരെ നടത്തിയ റാലി ഉദ്‌ഘാടനം ചെയ്യാൻ പോയ തരൂരിനെതിരെ ചില മുസ്‌ലിം തീവ്ര നിലപാടുകാർ പ്രതിഷേധമുയർത്തി . നെറ്റിയിലണിഞ്ഞിരുന്ന ചന്ദനമായിരുന്നു പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത് .ഈ പ്രക്ഷോഭത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ല എന്നും ഹിന്ദുവായ ഞാനും നിങ്ങളെ പിന്തുണയ്ക്കുന്നു എന്ന സന്ദേശം നൽകാൻ ശ്രമിച്ച ശശി തരൂരിനെ മത മൗലികവാദികൾക്കു മനസിലാക്കാനായില്ല .‘ഹിന്ദുത്വ തീവ്രവാദത്തിനെതിരായ പോരാട്ടങ്ങൾ ഒരിക്കലും ഇസ്‌ലാമിക തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനുള്ളതല്ല .സി എ എ ക്കെതിരെയും എൻ ആർ സിക്കെതിരായും നമ്മൾ പോരാടുന്നത് എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കാനാണ് .നമ്മുടെ രാജ്യത്തിൻറെ ബഹുസ്വരതയും നാനാത്വത്തെയും തകർക്കാൻ മതമൗലികവാദികൾക്ക് ഇടം കൊടുക്കരുത് ‘ എന്ന തരൂരിന്റെ ട്വിറ്റർ സന്ദേശവും ഇസ്ലാമിക തീവ്രവാദികൾക്ക് ഇഷ്ടപ്പെട്ടില്ല .പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിൽ “തേരാ മേരാ റിഷിതാ ലാഇലാഹ ഇല്ലള്ള” എന്ന പ്രയോഗം മറ്റുവിഭാഗങ്ങളെ അവരിൽ നിന്നും അകറ്റിനിർത്തും എന്നും തരൂർ മുന്നറിയിപ്പ് നൽകുന്നു .മുസ്‌ലിം സമൂഹം നേരിടുന്ന വിഷയങ്ങളും ആശങ്കയെക്കുറിച്ചും മുഴുവൻ ഇന്ത്യക്കാരും ബോധവാന്മാരാകേണ്ടതുണ്ട്. എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചെറുത്തുനില്പിനു് കൂടുതൽ ശക്തിയും പിന്തുണയും പകരേണ്ടതുണ്ട് .ഹിന്ദുത്വ ഭീകരതയെ നേരിടാൻ മുസ്‌ലിം ഭീകരതയ്ക്ക് വളമിട്ട് നൽകുകയല്ല വേണ്ടതെന്നും തരൂർ ഓർമിപ്പിക്കുന്നു .ഇന്ത്യൻ ജനതയിൽ എപ്പോഴും ധ്രുവീകരണങ്ങൾക്കു ശ്രമിക്കുന്ന ബി ജെ പിയുടെ കെണിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പ്രതിഷേധിക്കുന്ന മുസ്‌ലിം സഹോദരന്മാരോട് തരൂർ പറയുന്നു. ( കടപ്പാട് :മാതൃഭൂമി ദിനപത്രത്തിൽ ശശി തരൂർ എഴുതിയ ലേഖനം )