കണ്ണൂര്‍:ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഒരു കേസില്‍ കൂടി ജാമ്യം.കണ്ണൂരില്‍ എസ്പി ഓഫീസ് മാര്‍ച്ചിനിടെ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസിലാണ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പല തവണ കേസിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.ഫെബ്രുവരി 14നു കേസില്‍ സുരേന്ദ്രന്‍ വീണ്ടും ഹാജരാകണം.
എന്നാല്‍ സുരേന്ദ്രന് ഇന്നും ജയില്‍ മോചിതനാകാന്‍ കഴിയില്ല.ശബരിമലയില്‍ സ്ത്രീയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു.ചിത്തിര ആട്ട വിശേഷ സമയത്ത് പേരക്കുട്ടിയുടെ ചോറൂണിനെത്തിയ തൃശ്ശൂര്‍ സ്വദേശിനി ലളിതയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസിലെ പതിമൂന്നാം പ്രതിയാണ് സുരേന്ദ്രന്‍.
സുരേന്ദ്രന്‍ ഇന്ന് സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും.സുരേന്ദ്രനെ തിരിച്ച് കൊട്ടാരക്കര ജയിലിലെത്തിക്കാനാണ് പൊലീസ് നീക്കം.