പോലീസിന്റെ ലോഗോ ചുവപ്പാക്കിയ നടപടി ശുദ്ധഅസംബന്ധമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വട്ടിയൂര്‍ക്കാവ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മോഹന്‍കുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം പേരൂര്‍ക്കട ബാപ്പൂജി ഗ്രന്ഥശാലയില്‍ നിര്‍വഹിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു മുല്ലപ്പള്ളി.ചുവപ്പിനോടും കാവിയോടും താല്‍പ്പര്യം കാണിക്കുന്ന തികഞ്ഞ അവസരവാദിയാണ് ഇപ്പോഴത്തെ ഡി.ജി.പി. താമസിയാതെ അത് സി.പി.എമ്മിന് മനസിലാകും. കയ്യില്‍ മഞ്ഞചരട് ധരിച്ച ഒരു പോലീസ് മേധാവിയെ നാളിതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. പോലീസ് ഡ്രസ്സ് കോഡ് പാലിക്കാതെയാണ് ഡി.ജി.പി പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്.കേരള പോലീസിന്റെ ലോഗോയില്‍ ചുവന്ന നിറം കൊണ്ടുവരാനുള്ള പ്രത്യേക സാഹചര്യം എന്താണെന്ന് ഡി.ജി.പിയും മുഖ്യമന്ത്രിയും വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ അറിവും സമ്മതവും ഇതിന് പിന്നിലുണ്ടോയെന്ന് വിശദീകരിക്കാന്‍ തയ്യാറാകണം. പോലീസിന്റെ ലോഗോയില്‍ ചുവന്ന നിറം പുരട്ടി  കമ്മ്യൂണിസം നശിച്ചിട്ടില്ലെന്ന് വരുത്തി തീര്‍ക്കാനുള്ള  അവസാന ശ്രമം സി.പി.എം നടത്തുകയാണെന്നും മുല്ലപ്പള്ളി പരിഹസിച്ചു.