തിരുവനന്തപുരം:ശബരിമലയില്‍ സര്‍ക്കാര്‍ നലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ രമേശ് ചെന്നിത്തല.വിവേകശൂന്യമായ മന്ത്രിസഭ അധികാരത്തിലുണ്ടായാല്‍ എന്തൊക്കെ സംഭവിക്കാമെന്നതിന് തെളിവാണ് ശബരിമലയിലെ സംഭവവികാസങ്ങളെന്നും മുഖ്യമന്ത്രി വര്‍ഗീയത വളര്‍ത്താന്‍ ശ്രമിച്ചെന്നും ചെന്നിത്തല പറഞ്ഞു. പൊലീസിന്റെ ഹെല്‍മറ്റും ജാക്കറ്റും ധരിപ്പിച്ച് യുവതിയെ സന്നിധാനത്തെത്തിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്.കേരള പൊലീസിന്റെ നിയമം ലംഘിച്ച ഐ.ജി ശ്രീജിത്തിനെതിരെ കേസെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ബി.ജെ.പിയെ വളര്‍ത്തി ജനാധിപത്യമതേതര ശക്തികളെ തകര്‍ക്കാമെന്നും അത് തിരഞ്ഞെടുപ്പില്‍ ഗുണമാകുമെന്നുമുള്ള കുടില രാഷ്ട്രീയ തന്ത്രമാണ് സി.പി.എമ്മിന്റേത്. സംസ്ഥാനത്ത് ഒരു പൊരി വീണാല്‍ പൊട്ടിത്തെറിക്കാവുന്ന അവസ്ഥയാണ് മൂന്നുനാല് ദിവസമായുള്ളത്. ഇതിനെ തണുപ്പിക്കാനാണ് ഉത്തരവാദിത്വമുള്ള ഭരണകൂടം ശ്രമിക്കേണ്ടത്.എന്നാല്‍ ആളിക്കത്തിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംഘപരിവാര്‍ ശക്തികള്‍ നിലയ്ക്കലിലും പമ്പയിലും വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്തുകയും മാദ്ധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തപ്പോള്‍ സര്‍ക്കാര്‍ കാഴ്ചക്കാരായി നിന്നു.സ്ഥിതി സങ്കീര്‍ണ്ണമായി നില്‍ക്കെ യുവതികളെ പൊലീസ് ഒളിച്ച് സന്നിധാനത്തെത്തിച്ച് വീണ്ടും വഷളാക്കി.ആക്ടിവിസ്റ്റുകള്‍ മല കയറിയതെന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.
ഇത്രയും സ്‌ഫോടനാത്മകമായ സാഹചര്യമുണ്ടാകുമ്പോള്‍ മുഖ്യമന്ത്രി വിദേശത്തു നിന്നും മടങ്ങിവന്നിട്ടില്ല.മന്ത്രിമാര്‍ തമ്മിലും അഭിപ്രായ ഭിന്നതയുണ്ടെന്നും സംസ്ഥാനത്ത്‌ ഭരണം നടക്കുന്നില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ബി.ജെ.പിയും ആര്‍.എസ്.എസും പ്രശ്‌നം ആളിക്കത്തിച്ച് വര്‍ഗീയധ്രുവീകരണത്തിന് ശ്രമിക്കുമ്പോള്‍ ഇടതുസര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുകയാണ്.ശബരിമല പ്രതിസന്ധി തരണം ചെയ്യാന്‍ നിയമനിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ തയാറുണ്ടോ?കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയും ചേര്‍ന്ന് ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ ശ്രമിക്കുന്നു.യു.ഡി.എഫ് ആയിരുന്നു ഇവിടെ അധികാരത്തിലെങ്കില്‍ പ്രശ്‌നം പ്രതിസന്ധിയില്ലാതെ പരിഹരിക്കുമായിരുന്നെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.