ശ്രീനഗര്‍:അതിര്‍ത്തി ലംഘിച്ച മൂന്നു പാക് വിമാനങ്ങളില്‍
ഒന്ന് ഇന്ത്യ വെടിവെച്ചിട്ടു.എഫ്16 വിമാനമാണ് ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ടത്.നൗഷേര സെക്ടറിലെ ലാം വാലിയിലാണ് സംഭവം. രണ്ട് എഫ് 16 വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.എന്നാല്‍ ഇവയെ ഇന്ത്യ തുരത്തി ഓടിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു.പത്താന്‍കോട്ട്, ജമ്മു, ശ്രീനഗര്‍, ലേ വിമാനത്താവളങ്ങള്‍ അടക്കാനും തീരുമാനിച്ചു.സുരക്ഷ കാരണങ്ങളാല്‍ ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ക്ക് സുഗമമായി നീക്കം നടത്താനാണെന്നാണു വിശദീകരണം.
ഇന്ത്യന്‍ ആക്രമണങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പാക് ആക്രമണം.പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ തിരിച്ചടിച്ചതിനു പിന്നാലെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ഷെല്ലാമ്രണം തുടര്‍ന്നിരുന്നു.പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സേന വധിച്ചു.പാക്ക് ഭീകരകേന്ദ്രം ആക്രമിച്ചതോടെ അതിര്‍ത്തിയില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കിയിരുന്നു.
അതേസമയം ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷയില്‍ ഉന്നതതല യോഗം ചേരുകയാണ്. കാഷ്മീരിലെ സ്ഥിതിഗതികളാണ് യോഗം വിലയിരുത്തുന്നത്.