തിരുവനന്തപുരം:ക്രിസ്മസ് അവധിക്കു ശേഷം പൊതു വിദ്യാലയങ്ങള്‍ നാളെ തുറക്കും.മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് അറിയിച്ചു.
ക്രിസ്മസ് അവധി കഴിഞ്ഞ് നാളെ (ഡിസംബര്‍ 31) സ്‌കൂളുകള്‍ തുറക്കില്ലെന്ന വ്യാജ സന്ദേശം വാട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്.സ്‌കൂള്‍ തുറക്കുന്നത് ജനുവരി ഒന്നിലേക്ക് മാറ്റിയതായാണ് പ്രചരണം.പത്ത് ദിവസം തികയ്ക്കാനാണ് ഒരു ദിവസം കൂടി അവധി നല്‍കുന്നതെന്നും സന്ദേശത്തില്‍ പറയുന്നു.എന്നാല്‍ ഇത്തരം സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ അറിയിച്ചു.