തിരൂര്‍:പ്രണയാഭ്യര്‍ത്ഥന നിരസിച്ച 15 കാരിയെ യുവാവ് കുത്തിക്കൊന്നു.ബംഗാള്‍ സ്വദേശിയായ 24 കാരന്‍ അറസ്റ്റിലായി.കല്‍ക്കട്ട സ്വദേശി സാന്തി ബീവിയുടെ മകള്‍ സാമിന (15) യെയാണ് പിതാവിന്റെ ബന്ധുകൂടിയായ ഷഹദാദ് (24) കുത്തിയത്.
പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്.
കോഴിക്കോടുള്ള യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നു.വെള്ളിയാഴ്ച മാതാപിതാക്കള്‍ ജോലിക്കു പോയ സമയത്ത് ഷഹദാദ് വീട്ടിലെത്തി പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തുകയും നിശ്ചയിച്ച വിവാഹത്തില്‍ നിന്നും പിന്‍മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു.പെണ്‍കുട്ടി ഈ ആവശ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് രോഷാകുലനായ യുവാവ് വീട്ടിലുണ്ടായ കത്തിയെടുത്ത് പെണ്‍കുട്ടിയെ കുത്തുകയായിരുന്നു.വലതു നെഞ്ചില്‍ കുത്തേറ്റ് ഓടിയ പെണ്‍കുട്ടി വീണപ്പോള്‍ ഇടതുകാലിനും കുത്തുകയായിരുന്നു.
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പ്രതിയെ കീഴടക്കി.തുടര്‍ന്ന് തിരൂര്‍ പൊലീസ് എത്തി അറസ്റ്റുചെയ്യുകയായിരുന്നു.തുടര്‍ന്ന് പെണ്‍കുട്ടിയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.എന്നാല്‍ പിന്നീട് സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയും ചെയ്തു.