പനാജി: മനസില്‍ തങ്ങി നില്‍ക്കുന്ന ചിത്രങ്ങള്‍ വേണ്ടത്ര ഇല്ലെന്ന പരിഭവത്തോടെ ഗോവയില്‍നിന്ന് പ്രതിനിധികളുടെ മടക്കം. ഇന്ത്യയുടെ 48-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്നു തിരശീല വീഴും. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിലെ അപാകതകളും ജൂറി തെരഞ്ഞെടുത്ത ചിത്രങ്ങള്‍ സംഘാടകര്‍ അട്ടിമറിച്ചതും സംഘാടനത്തിലെ പിഴവുകളും മേളയുടെ നിറം കെടുത്തി. നല്ല സിനിമകളുടെ പ്രദര്‍ശനത്തിന് അരങ്ങൊരുക്കുക എന്ന ലക്ഷ്യത്തിനപ്പുറം മേളയെ ബോളിവുഡ് മേളയാക്കി മാറ്റാനുള്ള സംഘാടകരുടെ ശ്രമങ്ങളും വിമര്‍ശനത്തിനിടയാക്കി. ചൊവ്വാഴ്ച വൈകിട്ട് ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ സുവര്‍ണ മയൂരമുള്‍പ്പടെയുള്ള പുരസ്കാരങ്ങള്‍ സമ്മാനിക്കും. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം കനേഡിയന്‍ സംവിധായകന്‍ ആറ്റം ഇഗോയാനും ഇന്ത്യയിലെ ഈ വര്‍ഷത്തെ ചലച്ചിത്ര വ്യക്തിത്വത്തിനുള്ള പുരസ്കാരം നടന്‍ അമിതാഭ്ബച്ചനും സമ്മാനിക്കും. നടന്‍ സല്‍മാന്‍ ഖാന്‍, കത്രീന കൈഫ് എന്നിവര്‍ മുഖ്യാതിഥികളാകും.
82 രാജ്യങ്ങളില്‍നിന്നുള്ള 195 ചിത്രമാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. മത്സരവിഭാഗത്തിലെ 15 ചിത്രത്തില്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മലയാള ചിത്രം ടേക്ഓഫ്‌, പ്രസാദ് ഓക് സംവിധാനം ചെയ്ത മറാത്തി ചിത്രം കാച്ച ലിംബു, റിമ ദാസ് സംവിധാനം ചെയ്ത ആസാമീസ് ചിത്രം വില്ലേജ് റോക്ക് സ്റ്റാര്‍സ് എന്നിവയാണ് ഇന്ത്യയില്‍നിന്ന് ഇടംപിടിച്ചത്. ഇന്ത്യന്‍ പനോരമാ വിഭാഗത്തിലേക്കുള്ള ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് വലിയ പരാതിക്കിടയാക്കി. മേളയില്‍ പ്രദര്‍ശിപ്പിക്കാനുള്ള നിലവാരമില്ലാത്ത നിരവധി ചിത്രങ്ങള്‍ പനോരമയിലേക്ക് ഉള്‍പ്പെടുത്തിയതായും ആക്ഷേപമുയര്‍ന്നു. മറാത്തിയില്‍നിന്ന് ഒന്‍പത് ചിത്രങ്ങള്‍ പനോരമയില്‍ ഉള്‍പ്പെട്ടപ്പോള്‍ ടേക് ഓഫും എസ് ദുര്‍ഗയുമാണ് മലയാളത്തെ പ്രതിനിധീകരിച്ചത്. ഇതില്‍ എസ് ദുര്‍ഗയും മറാത്തി ചിത്രമായ ന്യൂഡും സര്‍ക്കാര്‍ ഇടപെടലില്‍ മേളയില്‍നിന്ന് പിന്‍വലിച്ചു. ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന ഹൈക്കോടതിവിധിയുണ്ടായിട്ടും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. കേന്ദ്ര നടപടിക്കെതിരെ പനോരമ വിഭാഗം ജൂറി ചെയര്‍മാന്‍ സുജോയ്ഘോഷും മറ്റ് രണ്ടംഗങ്ങളും സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. ന്യൂഡ് ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ മേളയില്‍നിന്ന് നീക്കിയപ്പോള്‍ കോടികള്‍ കൊയ്ത ബാഹുബലി 2, ജോളി എല്‍എല്‍ബി 2 തുടങ്ങിയ ചിത്രങ്ങള്‍ പനോരമയില്‍ പ്രദര്‍ശിപ്പിച്ചു. ലോക സിനിമാ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാക് ചിത്രം സാവനും മേളയില്‍നിന്ന് ഒഴിവാക്കപ്പെട്ടു.
കനത്ത പൊലീസ വലയത്തില്‍, ഭയത്തിന്‍റെ നിഴലിലാണ് മേള നടന്നത്. പ്രതിഷേധങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും വിലക്കേര്‍പ്പെടുത്തിക്കൊണ്ടാണ് മേള തുടങ്ങിയത്. സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയുടെ കൈയിലായിരുന്നു മേളയുടെ നിയന്ത്രണം. ജൂറി തെരഞ്ഞെടുത്ത ചിത്രങ്ങള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ സംഘാടകര്‍ ഒഴിഞ്ഞുമാറി.
കാസിം ഓസിന്‍റെ സെര്‍, അലക്സാഡ്രോസ് അവ്റാനസിന്‍റെ ലവ് മി നോട്ട്, കെന്നത്ത് ബ്രാനാഗിന്‍റെ മര്‍ഡര്‍ ഓണ്‍ ദി ഒറിയന്‍റ് എക്സ്പ്രസ്, മാജിദ് മജീദിയുടെ ബിയോണ്ട് ദി ക്ലൗഡ്സ്, റൗള്‍ പെകിന്‍റെ ദി യങ് കാള്‍ മാര്‍ക്സ്, റിമ ദാസിന്‍റെ വില്ലേജ് റോക്സ്റ്റാര്‍സ് തുടങ്ങിയ ചിത്രങ്ങള്‍ മികച്ച പ്രതികരണം നേടി.
സംവിധായകന്‍ മുസാഫര്‍ അലി ചെയര്‍മാനായ ജൂറിയാണ് പുരസ്കാരത്തിനര്‍ഹമായ ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. മികച്ച നടിക്കുള്ള രജതചകോരത്തിന് ടേക് ഓഫിലെ നായിക പാര്‍വതിയേയും പരിഗണിക്കുന്നുണ്ട്. യുനസ്കോ ഗാന്ധി മെഡല്‍ മലയാള ചിത്രം ടേക് ഓഫിന് ലഭിച്ചേക്കും. രബീന്ദ്രനാഥ ടാഗോറിന്‍റെ ജീവിതത്തെ ആസ്പദമാക്കി പാബ്ലോ സെസാര്‍ സംവിധാനം ചെയ്ത തിങ്കിങ് ഓഫ് ഹിം ആണ് സമാപന ചിത്രം.