കൊച്ചി: താരസംഘടനയായ എഎംഎംയ്ക്കും പ്രസിഡന്റ് മോഹന്‍ലാലിനുമെതിരെ അതീരൂക്ഷ വിമര്‍ശനങ്ങളുമായി ഡബ്ല്യുസിസി.എഎംഎംഎ ഭാരവാഹികള്‍ നീതിമാന്‍മാരല്ലെന്നും തങ്ങള്‍ മുറിവേറ്റവരും അപമാനിക്കപ്പെട്ടവരുമാണെന്നും ഡബ്ല്യുസിസിഅംഗങ്ങള്‍ കൊച്ചി പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രേവതി,പാര്‍വ്വതി,പദ്മപ്രിയ,രമ്യാമ്പീശന്‍,റിമാ കല്ലിംഗല്‍,സജിതാ മഠത്തില്‍,അഞ്ജലി മേനോന്‍,ദീദീ ദാമോദരന്‍,ബീനാ പോള്‍,തുടങ്ങിയവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.’മുമ്പ് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത ഞങ്ങള്‍ മൂന്ന് പേരുടെ പേര് പറയാന്‍ അങ്ങേര്‍ക്ക് മോഹന്‍ലാലിന് സാധിച്ചില്ല.പരിചയപ്പെടുത്തിയത് നടിമാരെന്നാണ്.1995ല്‍ രൂപീകരിച്ച സമയം ഞാന്‍ മെമ്പറാണ്. എഎംഎംഎയുടെ ഒരു പ്രോഗ്രാമിനും എന്നെ ക്ഷണിച്ചിട്ടില്ല.ഞാനൊരു കൊമേഴ്സ്യല്‍ പേഴ്സണല്ല. അതുകൊണ്ടായിരിക്കാം. കുറ്റാരോപിതനായ ആള്‍ സംഘടനയ്ക്ക് അകത്തും,പീഡനം അനുഭവിച്ചവള്‍ പുറത്തും.ഇതാണ് ഇവിടെ നടക്കുന്നത്’ രേവതി പറഞ്ഞു.
ഇരയായ പെണ്‍കുട്ടിയെ അപമാനിക്കാനും ശ്രമമുണ്ടായതായും അംഗങ്ങള്‍ പറഞ്ഞു.’എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ തന്നെ ഒരു മെമ്പര്‍ പറഞ്ഞിട്ടാണ് രചനയും ഹണിയും ഇരയ്ക്കു വേണ്ടി കോടതിയില്‍ ഹര്‍ജി നല്‍കിയത് എന്നാണ് പറഞ്ഞത്.ആ മെമ്പര്‍ ബാബു രാജായിരുന്നു.എന്നാല്‍ അയാള്‍ പിന്നീട് ‘ചൂടുവെള്ളത്തില്‍ വീണ പൂച്ച’ എന്നാണ് ഇരയെ വിശേഷിപ്പിച്ചത്.’ പാര്‍വ്വതി പറയുന്നു.വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രമാണ് അന്നത്തെ ചര്‍ച്ചയില്‍ പെട്ടെന്ന് തീരുമാനമെടുക്കാം എന്ന് പറഞ്ഞത് എന്നാല്‍ അത് അവരുടെ ഒരു നാടകമായിരുന്നെന്ന് ഇന്ന് ഞങ്ങള്‍ സംശയിക്കുന്നു. മീഡിയയോട് ഒന്ന് പറയരുതെന്നായിരുന്നു അവര്‍ ഞങ്ങളോട് പറഞ്ഞു കൊണ്ടിരുന്നത്.പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.
‘ഇരയെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യാം.എന്നാല്‍ ജനറല്‍ ബോഡി എടുത്ത തീരുമാനം ഞാന്‍ മാത്രം എങ്ങനെ തിരുത്തും എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.ഇവിടെ ഇത്രയും വലിയ കേസായിട്ടും ഒരു നടപടിയുമില്ല.മറ്റുള്ളിടങ്ങളില്‍ അങ്ങനെയല്ല. ആമീര്‍ ഖാന്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരൊക്കെ ഇത്തരം ആരോപണങ്ങളോട് എങ്ങനെയാണ് പ്രതികരിച്ചതെന്ന് നമ്മള്‍ കണ്ടതാണ് ‘പദ്മപ്രിയ വിശദീകരിച്ചു.
എല്ലാ ചര്‍ച്ചകളും അക്രമിക്കപ്പെട്ട നടിക്ക് എതിരായിരുന്നു. ഇരക്ക് മാത്രം നിയമങ്ങള്‍ ബാധകമാക്കി. എന്നാല്‍ കുറ്റാരോപിതന് ഇതൊന്നും ബാധകമായിരുന്നില്ല. എന്തെല്ലാമോ അവര്‍ ഒളിക്കാന്‍ ശ്രമിക്കുകയാണ്. ആരോപിതന്‍ സംഘടനയില്‍ ഉണ്ടോ ഇല്ലയോ എന്ന് ഇപ്പോഴും വ്യക്തമല്ലെന്നും പദ്മപ്രിയ പറഞ്ഞു.
രാജ്യത്താകമാനം ഒരു പോരാട്ടം നടക്കുന്ന സമയമാണെന്നും കേന്ദ്രസര്‍ക്കാരടക്കം വളരെ ശക്തമായ നിലപാടെടുക്കുകയാണെന്നും വനിത കൂട്ടായ്മ പറഞ്ഞു. കേരളത്തില്‍ എന്നാല്‍ ഇപ്പോഴും അങ്ങനെയല്ല.വാക്കാലുള്ള ഉറപ്പുകള്‍ക്കപ്പുറം മറ്റൊന്നും തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും ഡബ്ലുസിസി പറഞ്ഞു.
ഇനിയും തങ്ങള്‍ മിണ്ടാതിരിക്കുന്നത് ശരിയല്ല എന്നതുകൊണ്ടാണ് ഇപ്പോള്‍ പറയാന്‍ തീരുമാനിച്ചത്.പ്രതിഷേധം ‘അമ്മ’യോടല്ലെന്നും നീതികേടിനോടാണെന്നും ഡബ്ല്യുസിസി പറഞ്ഞു.അമ്മ സ്ത്രീകളുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്ന സംഘടനയായി മാറി.പതിനഞ്ച് വര്‍ഷം സിനിമയില്‍ അഭിനയിച്ച നടിയാണ് ആക്രമിക്കപ്പെട്ടത്.നിങ്ങള്‍ മാധ്യമങ്ങളോട് ഒന്നും ചര്‍ച്ച ചെയ്യേണ്ടെന്നാണ് ഭാരവാഹികള്‍ പറഞ്ഞിരുന്നതെന്നും ഡബ്ല്യുസിസി മാധ്യമങ്ങളോട് വ്യക്തമാക്കി.