ചെന്നൈ:ദൈവത്തിന് തൊട്ടുകൂടായ്മയില്ലെന്ന് അവര്‍ തെളിയിച്ചു.മാസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പുതുച്ചേരിയിലെ ദ്രൗപദി അമ്മന്‍ കോവിലില്‍ തങ്ങള്‍ക്കും ആരാധന നടത്താനുള്ള അവകാശം ദളിത് സമുദായം നേടിയെടുത്തു.
നാല് മാസം മുന്‍പേ രാധയെന്ന ദളിത് പെണ്‍കുട്ടി ദ്രൗപദി അമ്മന്‍ കോവിലില്‍ കയറിയപ്പോള്‍ ക്ഷേത്രം അധികൃതര്‍ തടയുകയായിരുന്നു.ദളിതര്‍ ക്ഷേത്രത്തില്‍ കയറിയാല്‍ ക്ഷേത്രം അശുദ്ധമാകുമെന്നു പറഞ്ഞാണ് രാധയെ ഇവര്‍ തടഞ്ഞത്.അന്ന് ദളിതരും ക്ഷേത്രാധികഷാരികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
എന്നാല്‍ വിഷയത്തില്‍ ദളിത് സംഘടനകള്‍ ഇടപെട്ടതോടെ പ്രതിഷേധം പുതിയ വഴിത്തിരിവിലെത്തിയത്.കഴിഞ്ഞ വ്യാഴാഴ്ച ദളിത് സംഘടനാ പ്രവര്‍ത്തകര്‍ കുനിചംപേട്ടില്‍ ഒത്തുകൂടി പിറ്റേന്ന് ക്ഷേത്രത്തില്‍ കടക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.തുടര്‍ന്ന് നൂറോളം വരുന്ന ദളിതര്‍ പ്രകടനമായെത്തുകയായിരുന്നു.                                                                                ദളിതരെ ക്ഷേത്രം അധികാരികളും നാട്ടുകാരും തടഞ്ഞതിനെത്തുടര്‍ന്ന് ക്ഷേത്രത്തിന് മുന്നില്‍ ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായി.തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയും കളക്ടറും സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ദളിതര്‍ക്ക് താത്കാലികമായി ക്ഷേത്രത്തില്‍ കടക്കാന്‍ അനുമതി ലഭിക്കുകയായിരുന്നു. ദ്രൗപദി അമ്മന്‍ കോവില്‍ ഇപ്പോള്‍ പോലീസ് സുരക്ഷയിലാണ്.