ദില്ലി:പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തെങ്കിലും മാധ്യമങ്ങളുടെ ഒരു ചോദ്യത്തിനും ഉത്തരം നല്‍കാതെ മൗനം പാലിച്ചു.ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഒപ്പമായിരുന്നു ദില്ലിയില്‍ മോദിയുടെ വാര്‍ത്താ സമ്മേളനം. അമിത് ഷാ വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് അറിയിച്ചതെങ്കിലും അപ്രതീക്ഷിതമായി മോദി എത്തുകയായിരുന്നു.
എല്ലാവരോടും നന്ദി പറയാനെത്തിയതാണെന്ന് മോദി പറഞ്ഞു. കുടുംബാധിപത്യത്തെ തകര്‍ത്ത് അധികാരത്തിലെത്തിയ ജനങ്ങളുടെ സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റി. എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതി ഉറപ്പാക്കുന്ന തരം ഭരണമാണ് രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ളത്.വീണ്ടും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തും.മെയ് 23-ന് ബിജെപി ഓഫീസില്‍ നിന്ന് മധുരം ലഭിക്കുമെന്നും മോദി പറഞ്ഞു.
എന്നാല്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിനും മോദി മറുപടി പറഞ്ഞില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് ചോദ്യം എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചെങ്കിലും പാര്‍ട്ടി പ്രസിഡന്റുള്ളപ്പോള്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനായി താനിവിടെ ഇരിക്കുന്നതാണ് ഉചിതമെന്നായിരുന്നു മോദിയുടെ പ്രതികരണം.
വന്‍ഭൂരിപക്ഷത്തോടെ, മൂന്ന് പതിറ്റാണ്ടിന് ശേഷം ഒറ്റയ്ക്ക് ഭരണം പിടിക്കാന്‍ കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ എല്ലാ വാഗ്ദാനങ്ങളും പാലിച്ചെന്ന് അമിത്ഷാ പറഞ്ഞു.ആയുഷ്മാന്‍ഭാരത്,ജന്‍ധന്‍യോജന എന്നീ പദ്ധതികള്‍ സര്‍ക്കാരിന്റെ നേട്ടങ്ങളാണെന്നും അമിത് ഷാ പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് മഹാത്മാഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും അമിത്ഷാ പറഞ്ഞു. എന്നാല്‍ പ്രഗ്യാ സിംഗ് ഠാക്കൂറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ബിജെപി ഖേദിക്കുന്നില്ല. സംഝോത എക്‌സ്പ്രസ് സ്‌ഫോടനത്തില്‍ യഥാര്‍ത്ഥ പ്രതികളെ പിടിക്കാതെ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയായിരുന്നു കോണ്‍ഗ്രസെന്നും അതിന്റെ ഭാഗമായാണ് പ്രഗ്യാ സിംഗിനെ പ്രതിയാക്കിയതെന്നും അമിത്ഷാ ആരോപിച്ചു.