ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സിന് പുതുജീവന്‍ പകര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ‘ഗുജറാത്ത് ഉത്തരം തേടുന്നു’ സോഷ്യല്‍ മീഡിയ ക്യാംപെയിന്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഓരോ ദിവസവും ഓരോ ചോദ്യം എന്ന പുത്തന്‍ പ്രചാരണ തന്ത്രമാണ് ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധി പുറത്തെടുത്തിരിക്കുന്നത്. ഇത്തവണത്തെ ഗുഗറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുപ്രധാന പങ്കാണ് സോഷ്യല്‍ മീഡിയയ്ക്കുള്ളത്. അതുകൊണ്ട് തന്നെ ഗുജറാത്ത് ഉത്തരം തേടുന്നു എന്ന രാഹുലിന്റെ പുത്തന്‍ പ്രചാരണത്തിന് വേദിയാകുന്നതും സോഷ്യല്‍ മീഡിയയാണ്.

ആദ്യ ദിനമായ ഇന്നത്തെ ചോദ്യം തന്നെ ബിജെപിക്കെതിരെയുള്ള അമ്പായിരുന്നു. 2012ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പത്രികയില്‍ 50 ലക്ഷം നിര്‍ധനര്‍ക്ക് വീട് വെച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതുവരെ 4.72 ലക്ഷം വീടുകള്‍ മാത്രമാണ് നല്‍കിയത്. ബാക്കി വീടുകള്‍ക്കായി ഇനി 45 വര്‍ഷം കാത്തിരിക്കേണ്ടി വരുമോ എന്നായിരുന്നു ചോദ്യം.