തൃശ്ശൂര്‍:പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കേരളത്തിലെത്തും.ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനാണ് മോദി എത്തുന്നത്.രാത്രി 11.35 ന് കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം ഗവ.ഗസ്റ്റ് ഹൗസില്‍ തങ്ങും.നാളെ രാവിലെ 9.15ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ നിന്നു പ്രത്യേക ഹെലികോപ്ടറില്‍ ഗുരുവായൂരിലേക്ക് പോകും.ക്ഷേത്രത്തില്‍ വിവിധ വഴിപാടുകള്‍ സമര്‍പ്പിച്ച് ശേഷം 11.25ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ബിജെപിയുടെ പൊതുയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും.പ്രധാനമന്ത്രിയായ ശേഷമുളള ആദ്യത്തെ പൊതുയോഗമാണ് ഇത്.
12.40 ന് ഹെലികോപ്ടറില്‍ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും രണ്ട് മണിക്ക് തിരിച്ച് ഡല്‍ഹിയിലേക്കു തിരിച്ചുപോകും.
കളക്ടര്‍ ടി.വി. അനുപമ, തൃശ്ശൂര്‍ റേഞ്ച് ഐ.ജി. ബല്‍റാംകുമാര്‍ ഉപാധ്യായ, സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര തുടങ്ങിയവരും പ്രധാനമന്ത്രിയുടെ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പും രണ്ടുദിവസമായി ഗുരുവായൂരിലുണ്ട്.പ്രധാനമന്ത്രിയുടെ ദര്‍ശനത്തോടനുബന്ധിച്ച് ഗുരുവായൂരിലും പരിസരത്തും കര്‍ശന സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ക്ഷേത്രദര്‍ശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് അറിയിച്ചു.പ്രധാനമന്ത്രിയായശേഷം ആദ്യമായാണ് മോദി ഗുരുവായൂര്‍ സന്ദര്‍ശിക്കുന്നത്.2008-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തിയിരുന്നു.