[author ]ഡോ. സച്ചിന്‍ മേനോന്‍[/author]ജീവിതശൈലീരോഗങ്ങളുടെ പട്ടികയില്‍ മുമ്പില്‍ നില്‍ക്കുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹം. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും നവംബര്‍ 14 ലോകപ്രമേഹദിനമായി ആചരിക്കുന്നു. ഇന്റര്‍നാഷണല്‍ ഡയബെറ്റിസ് ഫെഡറേഷന്‍ എന്ന ഒരു സംഘടനയിലെ അംഗങ്ങളാണ് ലോകത്തെ എല്ലാ രാജ്യങ്ങളും.. ഈ സംഘടന വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനുമായി യോജിച്ച് 1991 നവംബര്‍ 14 മുതല്‍ ലോകപ്രമേഹദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചു. ഇന്‍സുലിന്‍ കണ്ടുപിടിച്ചശാസ്ത്രജ്ഞന്മാരിലൊരാളായ ബാന്റിങ്ങിന്റെ ജന്മദിനം ആണിത്. ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന ഏറ്റവും വ്യാപകമായ രോഗങ്ങളില്‍ ഒന്നാണ് പ്രമേഹം. ഇതിന് ഏതെങ്കിലും ഒരു സ്ഥലത്ത് മാത്രം ചെറിയതോതിലുള്ള ബോധവത്കരണവും മതിയാവാതെ വന്നിരിക്കുകയാണ്. ആഗോളതലത്തില്‍ തന്നെ പ്രമേഹനിയന്ത്രണയജ്ഞങ്ങള്‍ ആവശ്യമായി വന്നിരിക്കയാണ്. അതുകൊണ്ട് കൂട്ടായിട്ടുള്ള ഒരു ശ്രമം ലോകം മുഴുവന്‍ ഈ ദിനത്തില്‍ ആചരിക്കുന്നു. ഈ വര്‍ഷത്തെ മുദ്രാവാക്യം സ്ത്രീകളും പ്രമേഹവും….ആരോഗ്യമുള്ള ഭാവിയുടെ അവകാശം എന്നതാണ്.

രക്തത്തിലെ ഗ്ലൂക്കോസ് ഉയര്‍ന്നു നില്‍ക്കുന്ന അവസ്ഥയാണ് പ്രമേഹം. നമുക്കെല്ലാവര്‍ക്കും രക്തത്തില്‍ ഗ്ലൂക്കോസ് ഉണ്ട്. അത് ആവശ്യവുമാണ്. എന്നാല്‍ അതിനൊരു ക്രമമുണ്ട്. ഇത് യഥാക്രമം ഭക്ഷണത്തിനു മുമ്പ് 126 ല്‍ കൂടുതലോ ഭക്ഷണത്തിനു ശേഷം 200 ല്‍ അധികമോ ആവുകയാണെങ്കില്‍ പ്രമേഹം ഉണ്ടെന്നു പറയും. ഇതിനിടയ്ക്ക് അതായത് ഭക്ഷണത്തിനു മുമ്പ് 100 നും 120 നും ഇടയ്ക്ക് (ഭക്ഷണശേഷം 140 നും 200 നും ഇടയ്ക്ക്) ആണെങ്കില്‍ പ്രീ ഡയബെറ്റിസ് എന്ന് പറയും. അതായത് 6.8 കോടി പ്രമേഹരോഗികള്‍ ഇന്ത്യയില്‍ ഉണ്ട്. അതിനു പിന്നാലെതന്നെ ഏതു നിമിഷവും പ്രമേഹരോഗികളയേക്കാവുന്ന പ്രീഡയബെറ്റിക്ക്കാരും. രക്തത്തിലെ പഞ്ചസാരയുടെ കഴിഞ്ഞ 23 മാസത്തെ ശരാശരി നില അറിയുവാന്‍ സഹായിക്കുന്ന പരിശോധനയാണ് ഒയഅ1ര. കൃത്യതയുള്ള പ്രമേഹ പരിശോധനയായി ഇതു കണക്കാക്കുന്നു. നിരാഹാരം ആവശ്യമില്ല. ഈ രക്തപരിശോധനയില്‍ എത്തുമ്പോഴാണ് പ്രമേഹം തീര്‍ച്ചപ്പെടുത്തുന്നത് .. തുടര്‍ന്ന് ചികിത്സ ആരംഭിക്കുകയാണ് വേണ്ടത്. ശാസ്ത്രീയമായ വിജ്ഞാനവും വിദഗ്ധ നിര്‍ദ്ദേശവും പ്രമേഹചികിത്സയ്ക്ക് അനിവാര്യമാണ്. ചികിത്സ പലപരാജയപ്പെടുന്നതിന്റെ പ്രധാന കാരണം രോഗിയുടെ വിവിധതരം ഭീതികളാണ്. ഒരുപക്ഷെ വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നതിനെപ്പോലും അവഗണിച്ച് ഒറ്റമൂലികളുടെയും മുറിവൈദ്യന്മാരുടെയും പിറകെ പോകുവാന്‍ കാരണം തന്നെ ഈ ഭീതിയാണ്. അഞ്ചു പ്രമേഹരോഗികളെ എടുത്താല്‍ അതില്‍ ഒരാള്‍ക്കെങ്കിലും പ്രമേഹസങ്കീര്‍ണത ഉണ്ടാവും. ശരിയായ രീതിയില്‍ ചികിത്സിക്കാത്ത രോഗിക്ക് അന്ധത, വൃക്ക രോഗങ്ങള്‍, അവയവങ്ങള്‍ മുറിച്ചുമാറ്റല്‍, ഹൃദയാഘാതം തുടങ്ങിയ ഗുരുതരവും ചെലവേറിയതുമായ രോഗാവസ്ഥകള്‍ വരാനുള്ള സാധ്യത കൂടുതലാണ്.

രക്തത്തിലെ ഗ്ലൂക്കോസിനെ ഊര്‍ജ്ജമാക്കി മാറ്റാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ആണ് ഇന്‍സുലിന്‍. പാന്‍ക്രിയാസ് എന്ന ഗ്രന്ഥിയിലെ ബീറ്റാ കോശങ്ങളാണ് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നത്. ഇന്‍സുലിന് അളവോ പ്രവര്‍ത്തനശേഷിയോ കുറഞ്ഞാല്‍ ഗ്ലൂക്കോസ് കൂടും. എന്താണ് ടൈപ്പ് 1 ഡയബെറ്റിസ് ? ശരീരത്തിലെ ഇന്‍സുലിന് ഉത്പാദനം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചുപോയി രക്തത്തിലെ പഞ്ചസാരനില ഉയര്‍ന്നുനില്‍ക്കുന്ന അവസ്ഥ. കുട്ടികളിലാണ് ഇതു കൂടുതല്‍ കാണുന്നത്. ജീവിതകാലം മുഴുവന്‍ ഈ രോഗികള്‍ക്ക് ഇന്‍സുലിന്‍ പുറമെനിന്ന് വേണ്ടിവരും. എന്നാല്‍ ടൈപ്പ് 2 ഡയബെറ്റിസ് ശരീരത്തിലെ ഇന്‍സുലിന്‍ ഉത്പാദനക്കുറവോ ഇന്‍സുലിന്റെ പ്രവര്‍ത്തനശേഷിക്കുറവോ മൂലം പ്രമേഹം വരുന്ന അവസ്ഥയാണ്. മുതിര്‍ന്നവരിലും വൃദ്ധരിലും കൂടുതല്‍ കാണുന്നത് വ്യായാമമില്ലായ്മ, അമിതവണ്ണം,ഭക്ഷണരീതിയിലുള്ള അപാകതകള്‍ മാനസിക സംഘര്‍ഷം തുടങ്ങിയവമൂലമുള്ള പ്രമേഹബാധയാണ്. പ്രമേഹബാധിതര്‍ ഒരു കാരണവശാലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. രാത്രി അമിതമായി കഴിക്കരുത്, ഒരുപാട് വൈകുകയും അരുത്. ഇങ്ങനെ ജീവിതശൈലിയില്‍ മാറ്റം വരുത്തിയാല്‍ത്തന്നെ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാം. 85% പേരില്‍ ടൈപ്പ് 2 പ്രമേഹമാണ്കാണുന്നത്. ഗര്‍ഭാവസ്ഥയില്‍ കാണുന്ന പ്രമേഹം, മറ്റു രോഗങ്ങളോട് കൂടിയ പ്രമേഹം ചില മരുന്നുകള്‍ കാരണമുണ്ടായേക്കാവുന്നത് എന്നിങ്ങനെമേറ്റു. കാരണങ്ങളും ഉണ്ട്.

ഇന്ത്യ പ്രമേഹരോഗികളുടെ കാര്യത്തില്‍ രണ്ടാംസ്ഥാനത്താണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.ഒന്നാംസ്ഥാനത്ത് ചൈനയാണ്. എന്നാല്‍ അധികം താമസിയാതെ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയേക്കാം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പ്രമേഹത്തെക്കുറിച്ച് ശരിയായ അവബോധം പ്രമേഹത്തിന്റെ നിരക്ക് കുറയ്ക്കാന്‍ സഹായിക്കും. കേരളത്തില്‍ 18 വയസ്സിനു താഴെയുള്ളവരുടെ കണക്കെടുക്കുകയാണെങ്കില്‍ 14 .8 % ത്തോളം പേര് പ്രമേഹബാധിതരാണ്. ലോകത്ത് മുഴുവനായി നോക്കുമ്പോള്‍ ഇത് 9% മാത്രമേയുള്ളു. അത്രയും അധികം പേര്‍ ഈ ചെറുപ്രായത്തില്‍ത്തന്നെ ഉണ്ടെന്നുള്ളത് ആശങ്കാജനകമാണ്. പഠനങ്ങള്‍ പറയുന്നത് ഇപ്പോള്‍ 10 വയസ്സു മുതല്‍ കാണുന്നു എന്നതാണ് മറ്റൊരു വസ്തുത. 25 വയസ്സിനു താഴെയുള്ളവരെ മോഡി (maturtiy onset diabetis of young), ലാട ( (latent autoimmun-e diabetis mellitus in adults) എന്ന ഗ്രൂപ്പിലും പ്രായം കൂടുമ്പോള്‍ വരുന്നതിനെ അതായത് 40 വയസ്സിനു ശേഷമുള്ളത് ടൈപ്പ് 2 പ്രമേഹവുമായി കണക്കാക്കുന്നു.

പ്രമേഹരോഗികളുടെ വര്‍ധനവും അതുമൂലം ഉണ്ടാവുന്ന സങ്കീര്‍ണതകളും ഒരു പക്ഷെ നമ്മുടെ നാടിന്റെ ആരോഗ്യമേഖലയ്ക്ക് താങ്ങാന്‍ പറ്റുന്നതിലും കൂടുതല്‍ ആണ്. നിയന്ത്രണം ഇല്ലാതിരിക്കുകയോ ചികിത്സ ലക്ഷ്യം കാണാതിരിക്കുകയോ ചെയ്യുമ്പോഴാണ് പ്രമേഹം സങ്കീര്‍ണതകളിലേക്ക് കടക്കുന്നത്. ഇവയെ രണ്ടായി തിരിക്കാം. ചെറിയ രക്തക്കുഴലുകളെ ബാധിക്കുന്നവ അതായത് കാഴ്ചയെ ബാധിക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി, വൃക്കകളെ തകരാറിലാക്കുന്ന ഡയബറ്റിക് നെഫ്രോപ്പതി, ഞെരമ്പുകളെ ബാധിക്കുന്ന ഡയബറ്റിക് ന്യൂറോപ്പതി. എന്നാല്‍.വലിയ രക്തക്കുഴല്‍ രോഗങ്ങളായ ഹൃദയധമനീരോഗങ്ങളും സ്‌ട്രോക്കുമൊക്കെ സംഭവിക്കുന്നതിനു പ്രമേഹത്തോടൊപ്പം രക്താതിസമ്മര്‍ദ്ദത്തിനും ഉയര്‍ന്ന കൊളസ്‌ട്രോളിനും ഒക്കെ പ്രധാന പങ്കുണ്ട്. ഏതെങ്കിലും ഒരുതരം സങ്കീര്‍ണതയിലെത്തുന്നവര്‍ക്ക് അടുത്ത അവയവത്തെ ബാധിക്കുവാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹമുള്ള ഹൃദ്രോഗിക്ക് മറ്റാരേക്കാളും സ്‌ട്രോക് വരാനുള്ള സാധ്യത കൂടുതലാണ്. സ്‌ട്രോക്ക് അനുബന്ധ മറവിയും വരാം.

ടൈപ്പ് 1 പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിന്‍ മാത്രമാണ് പരിഹാരം. എന്നാല്‍ ടൈപ്പ് 2 വിനു ഗുളികകളും ഇന്‍സുലിന്‍ കുത്തിവയ്പ്പും ആവാം. സിറിഞ്ച് ഉപയോഗിച്ചായിരുന്നു ഇന്‍സുലിന്‍ കുത്തിവയ്പ്പ് നടത്തിയിരുന്നത്. എന്നാല്‍ ഇതിനുപകരമായി ഉപയോഗിക്കാവുന്ന ഇന്‍സുലിന്‍ പെന്‍ ഇന്ന് ലഭ്യമാണ്.. ഉപയോഗിക്കാനും കൊണ്ടുനടക്കാനുമുള്ള സൗകര്യം, അളവിലുള്ള കൃത്യത, വേദനക്കുറവ് തുടങ്ങി ഗുണങ്ങള്‍ ഏറെയാണ്. ഭക്ഷണശേഷമുള്ള ഗ്ലുക്കോസിന്റെ ഉയര്‍ച്ചയെ തടയുന്നതിനായി ശ്വസിച്ചെടുക്കാവുന്ന ഇന്‍സുലിന്‍ കണ്ടുപിടിച്ചിട്ടുണ്ട്. 1963 ല്‍ വികസിപ്പിച്ചെടുത്ത ഇന്‍സുലിന്‍ പമ്പ് ശ്രദ്ധേയമാണ്. ഒരു ബാറ്ററിയുടെ സഹായത്താല്‍ പ്രവര്‍ത്തിപ്പിക്കാവുന്ന വളരെ ചെറിയ ഉപകരണമാണിത്. ശരീരത്തിന് പുറമെ ഘടിപ്പിക്കാം തുടര്‍ച്ചയായ അളവില്‍ ഇന്‍സുലിന്‍ ശരീരത്തില്‍ വച്ചിരിക്കുന്ന ഒരു പ്ലാസ്റ്റിക് ട്യൂബിലൂടെ കടത്തി വിടുന്നു. ഭക്ഷണത്തിനനുസരിച്ച് ഇന്‍സുലിന്‍ ആവശ്യാനുസരണം ക്രമീകരിക്കുകയും ചെയ്യാം.

ഗ്ലുക്കോസിന്റെ ശരീരത്തിലെ അളവ് രോഗിയെ അറിയിക്കുന്ന സെന്‍സറുകള്‍ യാത്രകളും ജോലിത്തിരക്കും ഉള്ള ഇന്നത്തെ തലമുറയ്ക്ക് ഏറെ സഹായകമാണ്. ഇതിനെക്കുറിച്ച് പറഞ്ഞുതരാന്‍ ഡോക്ടറോടൊപ്പം ഡയബറ്റിക് എഡ്യൂക്കേറ്റര്‍ ,ഇന്‍സുലിന്‍ പമ്പ് ടെക്‌നീഷന്‍ ഒക്കെ ഇന്ന് ആശുപത്രികളില്‍ ലഭ്യമാണ്. എന്നാല്‍ വിലക്കൂടുതലും ഇടയ്ക്കുള്ള തൊലിയിലെ അണുബാധയും ഉപയോഗം കുറയുന്നതിന്റെ പ്രധാനകാരണങ്ങളാണ്.

പ്രമേഹചികിത്സയില്‍ ഓപ്പറേഷനുകളുടെ റോള്‍ എന്താണെന്നു നോക്കാം. ആഗ്‌നേയഗ്രന്ഥി (പാന്‍ക്രിയാസ് )മാറ്റിവയ്ക്കല്‍ ചികിത്സാരീതി ഉണ്ടെങ്കിലും വളരെക്കുറവ് ആളുകളില്‍ മാത്രമേ ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. കാരണം അവയവമാറ്റിവയ്ക്കല്‍ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളെയും നേരിടേണ്ടിവരുമെന്ന് മാത്രമല്ല ജീവിതാവസാനം വരെ മരുന്നുകള്‍ കഴിക്കേണ്ടി വരികയും ചെയ്യും

(എറണാകുളം ശ്രീനാരായണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പ്രൊഫസര്‍ ഓഫ് മെഡിസിന്‍ ആണ് ലേഖകന്‍)