സംസ്ഥാനത്തെ നദികളിലെയും തോടുകളിലെയും കിണറുകളിലെയും വെള്ളം ക്രമാതീതമായി താഴുന്നു. പെരിയാർ പോലുള്ള പ്രധാന നദികളിലെ ജലനിരപ്പ് പത്ത് അടിയിലേറെയാണ് താഴ്ന്നത് ഇത് ശുദ്ധജല പമ്പിംഗിനെ സാരമായി ബാധിച്ചു തുടങ്ങി. ഈ നില തുടർന്നാൽ സംസ്ഥാനത്തെ പകുതിയിലധികം ശുദ്ധജല പദ്ധതികൾ നിർത്തി വയ്ക്കേണ്ടി വരും പലയിടത്തും മണൽതിട്ടകൾ തെളിഞ്ഞു തുടങ്ങി. 15 അടിയോളം ആണ് ഇരുപത് ദിവസത്തിനിടെ ജലനിരപ്പ് താഴ്ന്നത്. ജപ്പാൻ കുടിവെള്ള പദ്ധതിക്കായി വെള്ളമെടുക്കുന്ന മൂവാറ്റുപുഴയാർ, മണലി, ചാലക്കുടി, കുറുമാലിപ്പുഴ മീനച്ചലാർ, മണിമലയാർ അച്ചൻകോവിലാർ എന്നിവയുടെ ജലനിരപ്പ് ദിനംപ്രതി താഴുന്നു ആലുവയിൽ നിന്നുള്ള ശുദ്ധജല പമ്പിംഗ് ദിവസങ്ങൾക്കുള്ളിൽ നിർത്തി വയ്ക്കേണ്ടി വരും. കോഴിക്കോട് ജില്ലയിൽ പൂനൂർ പുഴ, ഇരുവഞ്ഞിപ്പുഴ, ചാലിയാർ എന്നീ പുഴകളിൽ ജലനിരപ്പ് താഴ്ന്നെങ്കിലും ശുദ്ധജലവിതരണത്തെ ബാധിച്ചിട്ടില്ല. തടയണകെട്ടി വെള്ളം സംഭരിക്കാനുള്ള നടപടികൾ വിജയിച്ചില്ലെങ്കിൽ നദികളിലെ കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിലാകും. ഇരിട്ടി പുഴയിലെ ജലനിരപ്പ് താഴുന്നത് കണ്ണൂർ പഴശ്ശി പമ്പിംഗ് സ്റ്റേഷനിലെ പ്രവർത്തനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട് . ജല അതോറിറ്റിയുടെ ശുദ്ധജലവിതരണം പ്രതിസന്ധിയിലാക്കുന്ന വിധത്തിൽ ജലാശയങ്ങളിൽ ജലനിരപ്പ് താഴുന്നത് സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തുന്നു.