കൊച്ചി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കേന്ദ്രം നല്‍കിയ സഹായം അപര്യാപ്തമാണെന്ന് രാഹുല്‍ ഗാന്ധി.കേന്ദ്രത്തിന്റെ സഹായം ലഭിക്കേണ്ടത് കേരളത്തിന്റെ അവകാശമാണെന്നും കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.നെടുമ്പാശ്ശേരിയില്‍ പ്രളയബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
കേരളത്തിലുണ്ടായത് സമാനതകളില്ലാത്ത പ്രകൃതിദുരന്തമാണ്.മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഈ ഘട്ടത്തില്‍ ദുരിതബാധിതരെ സഹായിക്കാനായി എത്തണം.ഭരണമില്ലെങ്കിലും പാര്‍ട്ടി നേതാക്കളും അണികളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കാണുന്നതില്‍ സന്തോഷമുണ്ടെന്നും രാഹുല്‍ പറഞ്ഞു.
പ്രളയം മനുഷ്യനിര്‍മ്മിതമാണോ എന്ന ചോദ്യത്തിന് പ്രളയത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല എന്ന മറുപടിയാണ് രാഹുല്‍ നല്‍കിയത്. ദുരന്തബാധിതരുടെ അവസ്ഥയെന്തെന്ന് അറിയാനും ജനങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് അറിയിക്കാനുമാണ് താന്‍ വന്നതെന്നും പ്രളയത്തിന്റെ പിന്നിലെ കാരണങ്ങള്‍ വിശകലനം ചെയ്യാന്‍ താനാളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഉപാധികളില്ലാത്ത വിദേശസഹായങ്ങള്‍ സ്വീകരിക്കാം എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും രാഹുല്‍ പറഞ്ഞു.
പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇന്നലെ കേരളത്തിലെത്തിയ രാഹുല്‍ ഇന്ന് കൊച്ചിയില്‍ നിന്ന് വയനാട്ടിലേക്ക് പോകാന്‍ നിശ്ചയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥകാരണം വയനാട് സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു.ഇനി ഇടുക്കിയിലേക്കു പോവുന്ന രാഹുല്‍ ഇടുക്കി ഡാം സൈറ്റിന് അടുത്തുള്ള ചെറുതോണിയിലെത്തും.തുടര്‍ന്ന് സമീപത്തുള്ള ദുരിതാശ്വാസക്യാംപുകളും സന്ദര്‍ശിക്കും.