കോട്ടയം:മരണവണ്ടികളെന്നു പഴിച്ച് ടിപ്പറുകള്‍ വരുമ്പോഴേക്കും ഭയന്ന് മാറിയിരുന്ന ജനങ്ങള്‍ ഇപ്പോള്‍ ടിപ്പറുകള്‍ക്ക് വേണ്ടി കാത്തുനില്‍ക്കുകയാണ്.പ്രളയക്കെടുതിയില്‍ പ്പെട്ട ആയിരങ്ങളെ സുരക്ഷിതസ്ഥാനത്തെത്തിച്ച് ടിപ്പര്‍ ടോറസ് ലോറികള്‍ പ്രളയകാലത്തെ ജീവന്‍ രക്ഷാവണ്ടിയായി.
ചെറിയ വാഹനങ്ങള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത ഇടങ്ങളില്‍നിന്നും ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കുന്നതും ഭക്ഷണസാധനങ്ങളും മറ്റും എത്തിക്കുന്നതും ടിപ്പറുകളിലാണ്.ഒഴുക്കില്‍ മറ്റുവാഹനങ്ങള്‍ക്ക് മുന്നോട്ടുപോകാനാവാത്തയിടങ്ങളിലും ടിപ്പറാണ് രക്ഷയാകുന്നത്.വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട
കോട്ടയം തിരുവാര്‍പ്പ് കുമരകം തുടങ്ങിയ മേഖലകളില്‍ നിന്നും കൂടുതല്‍ ആളുകളെ പുറത്തേക്ക് എത്തിക്കുന്നത് ടിപ്പറുകളിലും ടോറസുകളിലുമാണ്.മറ്റ് പ്രളയ ബാധിതപ്രദേശങ്ങളിലും നിരവധി ടിപ്പറുകള്‍ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്.
കാറുകള്‍ക്കും മറ്റും വെള്ളത്തിന്റെ കുത്തൊഴുക്കിനെ മറികടക്കാനാവില്ല.എന്നാല്‍ ടിപ്പര്‍,ടോറസ് ലോറികള്‍ക്ക് വലിയ ഒഴുക്കിനെയും മറികടക്കാനാവുമെന്നതുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ടിപ്പറുകള്‍ ഉള്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.