തിരുവനന്തപുരം: സംസ്ഥാനം വീണ്ടും പ്രളയക്കെടുതി നേരിടുന്ന ഘട്ടത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അന്വേഷണം തുടങ്ങി. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് നേരത്തേ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകളുടെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ ഡോം, സൈബര്‍ സെല്‍, പോലീസ് ആസ്ഥാനത്തെ ഹൈടെക്ക് സെല്‍ എന്നിവിടങ്ങളില്‍ പ്രത്യേക വിഭാഗം രൂപീകരിച്ച് അന്വേഷണം തുടങ്ങി.തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തിയാല്‍ അറസ്റ്റുള്‍പ്പെടെയുളള നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ മുന്നറിയിപ്പ് നല്‍കി. ഭീതി ജനിപ്പിക്കുന്ന സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ ജില്ലാ ദുരന്ത നിവാരണ ഓഫീസുമായോ പൊലീസ് ആസ്ഥാനത്തെ ഡിജിപി കണ്‍ട്രോള്‍ റൂമുമായോ (0471 2722500, 9497900999) ബന്ധപ്പെട്ട് നിജസ്ഥിതി ഉറപ്പുവരുത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
അണക്കെട്ടുകള്‍ തുറക്കുമെന്നും വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നും റോഡ് ഗതാഗതം തടസപ്പെട്ടുവെന്നും മറ്റുമുളള സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്.