തിരുവനന്തപുരം:പ്രളയക്കെടുതി മറികടക്കാന്‍ പഴയത് പുനഃസൃഷ്ടിക്കാതെ പുതിയകേരളത്തെ സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി.2600കോടിയുടെ പ്രത്യേകപാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടും.പദ്ധതികളെപ്പറ്റി ചര്‍ച്ചചെയ്യാന്‍ 30ന് പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടുമെന്നും മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ബൃഹത്തായപദ്ധതി ആസൂത്രണം ചെയ്യുകയാണ്.തൊഴിലുറപ്പ് പദ്ധതിക്ക് പ്രത്യേക പാക്കേജ് വേണം.
സംസ്ഥാനത്തിനായി പ്രത്യേക പദ്ധതികള്‍ വേണ്ടിവരും.പശ്ചാത്തല സൗകര്യം, കൃഷി,സാമൂഹ്യ മേഖല എന്നിവ മെച്ചമാക്കാന്‍ ദീര്‍ഘകാല പദ്ധതിയ്ക്ക് നബാര്‍ഡിന്റെ സഹായം തേടും.വായ്പാപരിധി ഉയര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. വിദേശത്തുനിന്നും പ്രത്യേകിച്ച് ഗള്‍ഫില്‍ നിന്നും ഒട്ടേറെ സഹായവാഗ്ദാനങ്ങളുണ്ട്.യുഎഇ അധികൃതര്‍ 700കോടിയുടെ സഹായവാഗ്ദാനം പ്രധാനമന്ത്രിയോട് അറിയിച്ചതായും ഇത്തരം സഹായങ്ങള്‍ക്ക് കൃതജ്ഞതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.അത് സ്വകാര്യ സ്ഥാപനങ്ങളും മാനിക്കണം.കുടിശ്ശിക തേടി ചില സ്ഥാപനങ്ങള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തുന്നതായി അറിയുന്നു.അത് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.