ന്യൂഡല്‍ഹി:കേരളത്തിന് യുഎഇ 700 കോടി ധനസഹായം നല്‍കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് യു.എ.ഇ അംബാസിഡര്‍.നിശ്ചിത തുക നല്‍കുമെന്ന പ്രഖ്യാപനം നടന്നിട്ടിട്ടില്ലെന്നും ധനസഹായം സംബന്ധിച്ചുള്ള വിലയിരുത്തല്‍ മാത്രമാണ് നടന്നതെന്നും യു.എ.ഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബെന്ന അറിയിച്ചു.
കേരളത്തിന് യു.എ.ഇ 700 കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.തുടര്‍ന്ന് സഹായം സ്വീകരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം നിലപാടെടുത്തെന്നും വാര്‍ത്തകള്‍ വന്നിരുന്നു.ഇതേത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങളാണുണ്ടായത്.യു.എ.ഇ യുടെ ധനസഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഇത്തരം വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് യു.എ.ഇയുടെ വിശദീകരണം പുറത്തുവന്നത്.
യു.എ.ഇ ഔദ്യോഗികമായി കേരളത്തിന് ധനസഹായം പ്രഖ്യാപിച്ചിട്ടില്ല.യു.എ.ഇയില്‍ ഒരു എമര്‍ജന്‍സി കമ്മിറ്റി രൂപീകരിച്ച് കേരളത്തിന് എന്തെല്ലാം സഹായം നല്‍കണം എന്ന കാര്യത്തില്‍ കൂടിയാലോചന നടത്തുന്നുണ്ട്.എന്നാല്‍ മുഖ്യമന്ത്രിയും യു.എ.ഇ ഭരണാധികാരിയുമായി സംസാരിച്ചപ്പോള്‍ എന്തെങ്കിലും ധനസഹായം വാഗ്ദാനം ചെയ്തിരുന്നോ എന്ന കാര്യം അംബാസിഡര്‍ വ്യക്തമാക്കിയിട്ടില്ല.