കൊച്ചി:പ്രളയ ദുരിതാശ്വാസഫണ്ടിലേക്ക് ലഭിക്കുന്ന പണം ദുരിതബാധിതര്‍ക്ക് ലഭിക്കുന്നെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി.പണം കൃത്യമായി വിനിയോഗിക്കാനായി പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.ഇക്കാര്യത്തില്‍ വെള്ളിയാഴ്ച സര്‍ക്കാര്‍ കൃത്യമായ മറുപടി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ പണം കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം വേണമെന്നും ഇതിന് ഹൈക്കോടതി മേല്‍നോട്ടം നല്‍കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം.
സ്വകാര്യ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും പണം പിരിക്കുന്നത് ഓഡിറ്റ് ചെയ്യണമെന്നും സര്‍ക്കാര്‍ നടപടി സുതാര്യമായിരിക്കണമെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
പ്രളയദുരിതാശ്വാസത്തിനായി എത്തിയ പണം വേറെ ആവശ്യത്തിനായി ഉപയോഗിക്കില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ്സ് ജനറല്‍ കോടതിയെ അറിയിച്ചു.ഇതിനായി വിനിയോഗിക്കുന്ന പണത്തിന് കൃത്യമായ കണക്കുണ്ടെന്നും എജി കോടതിയെ അറിയിച്ചു.ആര് പണം തന്നാലും അത് എങ്ങനെ വിനിയോഗിക്കണമെന്ന് സര്‍ക്കാരിന് കൃത്യമായ രൂപരേഖയുണ്ട്.മാത്രമല്ല പണം തന്നവര്‍ക്ക് അത് എങ്ങനെ വിനിയോഗിച്ചുവെന്നറിയാന്‍ അവകാശമുണ്ടെന്നും എജി മറുപടി നല്‍കി.