തിരുവനന്തപുരം:പ്രളയകാലത്തെ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന് നമ്മുടെ മല്‍സ്യത്തൊഴിലാളികളെ സമാധാന നൊബേലിന് നാമനിര്‍ദേശം ചെയ്ത് ശശി തരൂര്‍ എംപി.ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ പ്രശംസിച്ച മല്‍സ്യത്തൊഴിലാളികളുടെ നന്‍മയ്ക്ക് ഇത് ഒരു അംഗീകാരമാണ്.
ജനാധിപത്യ രാജ്യങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സമാധാന നൊബേലിന് വ്യക്തികളെയോ സംഘടനകളെയോ നോമിനേറ്റ് ചെയ്യാനുള്ള അവകാശമുണ്ട്.ആ അവകാശം വിനിയോഗിച്ചുകൊണ്ടാണ് തരൂര്‍ ഏറ്റവും അര്‍ഹരായവര്‍ക്ക് അംഗീകാരം ലഭിക്കാന്‍ ശ്രമിക്കുന്നത്. മല്‍സ്യത്തൊഴിലാളികള്‍ക്ക് പുരസ്‌കാരം നല്‍കുന്നത് നൊബേല്‍ പ്രതിനിധാനം ചെയ്യുന്ന മാനുഷിക മൂല്യങ്ങള്‍ക്ക് യോജിച്ചതാണെന്ന് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ചെയര്‍മാന്‍ ബെറിറ്റ് റെയിസ് ആന്‍ഡേഴ്‌സണ് എഴുതിയ കത്തില്‍ തരൂര്‍ പറയുന്നു.