കൊച്ചി:ആന്തൂരില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി വൈകിച്ചതിന്റെ മനോവിഷമം മൂലം പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു.സംഭവത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയ കോടതി അടുത്തമാസം 15നകം റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചു.കെട്ടിടനിര്‍മ്മാണത്തിന് അനുമതി നല്‍കിയതിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അപേക്ഷകളില്‍ മൗനം പാലിക്കുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും കോടതി പറഞ്ഞു.അപേക്ഷയില്‍ തീര്‍പ്പിനായി ആളുകള്‍ ഓടി നടക്കുന്നത് കണ്ടിട്ടുണ്ട്.എന്നാല്‍ ഒരാള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവരുന്നത് അപൂര്‍വ്വ സാഹചര്യമാണെന്നു പറഞ്ഞ കോടതി കുറ്റക്കാരെന്നു തെളിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കണമെന്നും നിര്‍ദേശിച്ചു.
15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്താനുമതി നല്‍കാത്തതില്‍ മനംനൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ രണ്ട് ദിവസം മുമ്പ് ആത്മഹത്യ ചെയ്തത്.വിദേശത്തു ജോലി ചെയ്തുണ്ടാക്കിയ പണം മുടക്കിയാണ് ബക്കളത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം തുടങ്ങിയത്. എന്നാല്‍ നഗരസഭ തുടക്കം മുതല്‍ തടസ്സങ്ങളുന്നയിക്കുകയും നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി നിഷേധിക്കുകയുമായിരുന്നു.