തിരുവനന്തപുരം:ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഭാര്യ പരാതി തരുന്നതിന് മുമ്പ് നടപടി തുടങ്ങി. കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമം ഉണ്ടായില്ലെന്നും ഭരണപരമായ വീഴ്ച അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
സാജന്റെ ഭാര്യ പരാതി തരുന്നതിനു മുന്‍പ് നടപടി തുടങ്ങി. നാലുപേരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സിപിഎമ്മിനെ ആക്രമിക്കാന്‍ പി ജയരാജനെ ഉപയോഗിച്ചു. ഇപ്പോള്‍ എം വി ഗോവിന്ദനെ വച്ചും പാര്‍ട്ടിയെ ആക്രമിക്കുന്നു. നിയമസഭയുടെ പരിരക്ഷ വെച്ച് മാന്യമായി ജീവിക്കുന്നവരെ ആക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ അധികാരം പരിമതപ്പെടുത്തും. നഗരസഭാ സെക്രട്ടറിമാരുടെ തീരുമാനങ്ങള്‍ക്ക് എതിരായ അപ്പീലുകള്‍ പരിഗണിക്കാന്‍ തിരുവനന്തപുരത്തിന് പുറമേ കോഴിക്കോടും കൊച്ചിയിലും ട്രിബ്യൂണലുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.