കൊച്ചി:പ്രശസ്ത ചലച്ചിത്രകാരനും പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടറുമായിരുന്ന ജോണ്‍ ശങ്കരമംഗലം (84) അന്തരിച്ചു.പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശിയായ ജോണ്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സഹപാഠിയുമായിരുന്നു.അവളല്‍പ്പം വൈകിപ്പോയി,സമാന്തരം,ജന്മഭൂമി എന്നിവയാണ് ചിത്രങ്ങള്‍.നാലു തവണ രജത കമലവും നാലു തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.
ചങ്ങനാശ്ശേരി എസ്.ബി. കോളേജിലും മദ്രാസ് ക്രിസ്ത്യന്‍ കോളേജിലുമായിട്ടായിരുന്നു വിദ്യാഭ്യാസം.ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായിരിക്കെയാണ് ജോലി രാജിവച്ച് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തിരക്കഥാരചനയിലും സംവിധാനത്തിലും ഒന്നാം റാങ്കോടെ ഡിപ്ലോമ നേടിയത്.
നാടകരചനയില്‍ സജീവമായിരുന്ന ജോണ്‍ ശങ്കരമംഗലം ജയശ്രീ എന്ന തമിഴ് ചിത്രത്തിന് കഥയെഴുതിയാണ് സിനിമാരംഗത്തേയ്ക്കു വന്നത്.ഫിലിം ഡിവിഷനും സംസ്ഥാന സര്‍ക്കാരിനും വേണ്ടി നിരവധി ഡോക്യുമെന്ററികള്‍ നിര്‍മിച്ചിട്ടുണ്ട്.ഇപ്പോള്‍ അദ്ദേഹം ചങ്ങനാശ്ശേരി മീഡിയ സിറ്റിയുടെ തലവനായി പ്രവര്‍ത്തിക്കുകയായിരുന്നു.