കൊല്‍ക്കത്ത: പ്രശസ്ത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ (95) അന്തരിച്ചു.രാവിലെ 10.30 ഓടെയാണ് കൊല്‍ക്കത്തയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം, പത്മഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ അദരിച്ചു.ഒട്ടനവധി രാജ്യാന്തര പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
1923 മെയ് 14 ന് ഇപ്പോള്‍ ബംഗ്ലാദേശിലുള്ള ഫരിദ്പുരിലാണ് മൃണാള്‍ സെന്‍ ജനിച്ചത്.കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് ഊര്‍ജതന്ത്രത്തില്‍ ബിരുദം നേടി.പത്രപ്രവര്‍ത്തകനായും മെഡിക്കല്‍ റെപ്രസന്റേറ്റീവായും കല്‍ക്കട്ട ഫിലിം സ്റ്റുഡിയോയില്‍ ഓഡിയോ ടെക്‌നീഷ്യനായും അദ്ദേഹം ജോലി ചെയ്തിരുന്നു.
1955ല്‍ ആദ്യ ഫീച്ചര്‍ സിനിമ രാത്ത് ബോറെ സംവിധാനം ചെയ്തു.തുടര്‍ന്ന് ചെയ്ത ‘നീല്‍ ആകാഷെര്‍ നീചെ”ബൈഷേയ് ശ്രാവണ”മൃഗയ’, ‘ഏക് ദിന്‍ പ്രതി ദിന്‍’ എന്നീ ചിത്രങ്ങളും ശ്രദ്ധേയമായി.’ഭുവന്‍ഷോം’ എന്ന ചിത്രത്തിലൂടെ ദേശീയ രാജ്യന്തര തലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടി.ഇന്ത്യന്‍ സിനിമാചരിത്രം തന്നെ മാറ്റിയെഴുതിയ ചിത്രമായിരുന്നു ഇത്.ഭുവന്‍ ഷോം (1969), കോറസ് (1974), മൃഗയ(1976), അകലെര്‍ സന്ധാനെ (1980) എന്നീ ചിത്രങ്ങള്‍ക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. ഭുവന്‍ ഷോം, ഏക് ദിന്‍ പ്രതിദിന്‍(1979), അകലെര്‍ സന്ധാനെ, ഖന്ധര്‍ (1984) എന്നീ ചിത്രങ്ങള്‍ക്ക് മികച്ച സംവിധായകനുള്ള ദേശീയ സംവിധായകനുള്ള പുരസ്‌കാരവും സ്വന്തമാക്കി.
ഇന്ത്യന്‍ സമാന്തര സിനിമയുടെ വക്താവെന്നറിയപ്പെട്ട മൃണാള്‍സെന്‍ സത്യജിത് റേ, ഋത്വിക് ഘട്ടക് എന്നിവരുടെ സമകാലികന്‍ കൂടിയായിരുന്നു.