എറണാകുളം:കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ നിയമിച്ചതിലുള്ള അമര്‍ഷം പ്രകടമാക്കി കെഎസ്‌യു പ്രമേയം.പ്രസ്ഥാനത്തിന് വേണ്ടി ഒരു മുള്ളുപോലും കൊള്ളാത്ത ചില അഭിനവ പല്‍വാള്‍ ദേവന്‍മാരുടെ പട്ടാഭിഷേകത്തിനും പാര്‍ട്ടിയില്‍ ശംഖൊലി മുഴങ്ങുന്നുവെന്നാണ് അനില്‍ ആന്റണിയെ ഉന്നം വച്ചുള്ള പരാമര്‍ശം.’അങ്ങും പുത്രവാത്സല്യത്താല്‍ അന്ധനായോ?’ എന്നാണ് ആന്റണിയോടുള്ള ചോദ്യം.
തലമുറ മാറ്റം പ്രസംഗത്തില്‍ മാത്രം ഒതുക്കാതെ നടപ്പിലാക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. കെഎസ്‌യു എറണാകുളം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടന പ്രമേയത്തിലാണ് മക്കള്‍ രാഷ്ട്രീയത്തിനെതിരെയുള്ള വിമര്‍ശനം.എക്കാലത്തും ലീഡര്‍മാരുടെ മക്കളാണ് നേതാക്കള്‍ക്ക് കിങ്ങിണിക്കുട്ടന്മാരായി ഉള്ളത്.അവര്‍ക്ക് പദവികള്‍ നല്‍കുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
പ്രായമായ കോണ്‍ഗ്രസ് നേതാക്കള്‍ പല സീറ്റുകളും കൈയടക്കി വച്ചിരിക്കുന്നതിനെയും പ്രമേയം അതിരൂക്ഷമായി വിമര്‍ശിക്കുന്നു.പാരമ്പര്യ സ്വത്തു പോെലയാണ് കോണ്‍ഗ്രസിലെ ചില കാരണവന്‍മാര്‍ സീറ്റുകള്‍ കൈയ്യടിവെച്ചിരിക്കുന്നത്.65 വയസുണ്ടായിരിയുന്ന ആര്‍ ശങ്കറിനെ ‘കടല്‍ കിഴവന്‍’ എന്നു വിളിച്ച അന്നത്തെ യുവകേസരികളാണ് ഇന്ന് പല സീറ്റുകളും കയ്യടക്കിവെച്ചിരിക്കുന്നതെന്നും അവരുടെ ആവേശം പ്രസംഗത്തില്‍ മാത്രമാണെന്നും പ്രമേയത്തില്‍ പറയുന്നു.